ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യുവതിയുടെ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി

0
265

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി. മംഗളൂരു കൊടിയാലിലെ നസ്മതബാസുംഅഷറഫിന്റെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന ഫോൺ, കാൽലക്ഷം രൂപ വിലവരുന്ന വാച്ച്, വിലപിടിച്ച ചോക്ലേറ്റുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.

ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഫെബ്രുവരി 22-ന് പുലർച്ചെയാണ് ഇവർ മംഗളൂരുവിൽ എത്തിയത്. വിമാനത്തിൽ ഭാരം കൂടുതലായതിനാൽ ബാഗേജ് കയറ്റിയിട്ടില്ലെന്നും രണ്ടുദിവസത്തിനകം ഇത് വീട്ടിൽ എത്തിച്ചു നൽകുമെന്നും മംഗളൂരു വിമാനത്താവളത്തിൽനിന്ന് അറിയിച്ചതായി യുവതി പറയുന്നു. 23-ന് രാവിലെ ബാഗേജ് ഇവരുടെ വീടിന്റെ ഗേറ്റിനുമുന്നിൽ എത്തിച്ച ജീവനക്കാർ ബാഗ് പരിശോധിക്കുംമുൻപ്‌ കടന്നുകളഞ്ഞുവെന്നും യുവതി അറിയിച്ചു. ബാഗ് പരിശോധിച്ചപ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടതോടെ ഇവർ വിമാനത്താവളത്തിലെ വിമാനക്കമ്പനി ഓഫിസിലെത്തി പരാതി നൽകി. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരി ഇ-മെയിൽ മുഖേന പരാതി രേഖപ്പെടുത്തുകയും നഷ്ടപ്പെട്ട സാധനങ്ങൾ രണ്ടുദിവസത്തിനകം തിരികെ ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

എന്നാൽ, സാധനങ്ങൾ നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും അതേസമയം ഇതിന്റെ ഉത്തരവാദിത്വം സ്പൈസ് ജെറ്റിന് ഏറ്റെടുക്കാനാവില്ലെന്നുമുള്ള മറുപടിയാണ്‌ പിന്നീട് ലഭിച്ചത്. ‘ബാഗേജ് കൈകാര്യംചെയ്യുന്നത് ഓരോ ഘട്ടത്തിലും നിരീക്ഷണവിധേയമാണ്. നസ്മയുടെ ലഗേജിൽനിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടത് അപൂർമായ കാര്യമാണ്. ചെക് ഇൻ കഴിഞ്ഞാൽ ലഗേജിലുള്ള വില പിടിച്ച സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയവ കൈയിലുള്ള ബാഗിലേക്ക് മാറ്റണമെന്ന് യാത്രക്കാർക്ക് സ്പൈസ് ജെറ്റ് കർശന നിർദേശം നൽകാറുണ്ട്. ഇത്തരം സാധനങ്ങളുടെ ഒരു ഉത്തരവാദിത്വവും സ്പൈസ്‌ ജെറ്റ് ഏറ്റെടുക്കില്ല.’- വിമാനക്കമ്പനി നൽകിയ മറുപടിയിൽ പറയുന്നു.

സംഭവം സംബന്ധിച്ച് സ്പൈസ്‌ജെറ്റ് അധികൃതർക്കും വിമാനത്താവളം നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനും എതിരേ പരാതിനൽകിയതായി നസ്മ പറഞ്ഞു. എന്നാൽ, സംഭവം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു. പരാതിക്കാരി വിശദവിവരങ്ങൾ അറിയിച്ചാൽ പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here