തൃക്കരിപ്പൂർ സീറ്റ് ജോസഫിന്: കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി, കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

0
647

കാസർകോട്: സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങും മുൻപേ കാസര്‍കോട് ഡിസിസിയിൽ പൊട്ടിത്തെറി. ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതുമാണ് കാസര്‍കോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്.

ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം 10 നേതാക്കൾ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ട് നൽകിയതിലും കടുത്ത പ്രതിഷേധമാണ് നേതാക്കൾക്കിടയിലുള്ളത്. ഭാവിപരിപാടികൾ ആലോചിക്കാൻ കാസര്‍കോട് ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിൻ്റെ നേതൃത്വത്തിൽ നേതാക്കൾരഹസ്യയോഗം ചേര്‍ന്നു.

കാസർകോട് കാർഷിക സഹകരണ ബാങ്ക് കെട്ടിട്ടത്തിലാണ് യോഗം നടന്നത്. ജില്ലയിലെ നേതാക്കളുമായി ഒരു ആലോചനയുമില്ലാതെയാണ് സ്ഥാനാർത്ഥി നിർണയം നടക്കുന്നതെന്ന് കെപിസിസി നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധത്തിൻ്റെ ഭാഗമായി രാജി സന്നദ്ധത അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.

ഉദുമ സീറ്റിൽ ഉൾപ്പെടെ ഒരു സീറ്റിലും ഒരാലോചനയും നടത്തിയിട്ടില്ലെന്നും ഡിസിസി നേതാക്കൾ ആരോപിക്കുന്നു. തൃക്കരിപ്പൂർ ജോസഫ് വിഭാഗത്തിന് വിട്ടതിൽ കടുത്ത പ്രതിഷേധമെന്നും നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസിസി ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് കെപിസിസി ഭാരവാഹികളായ കെ.പി.കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ നായർ എന്നിവര്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here