ജീവന് വേണ്ടി യാചിച്ച് പുഴയിൽ മുങ്ങി പൊങ്ങി മൂന്ന് ജീവനുകൾ; ബസ് ട്രിപ്പ് പാതിയിൽ ഉപേക്ഷിച്ച് പുഴയിലേക്ക് എടുത്തുചാടി രക്ഷകനായി ഡ്രൈവർ നിബിൻ; അഭിനന്ദിച്ച് നാട്

0
183

കോഴിക്കോട്: വിവരം അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല നിറയെ യാത്രക്കാരുള്ള ബസ് വഴിയരികിൽ ഒതുക്കി പുഴയിലേക്ക് എടുത്തുചാടി മൂന്ന് ജീവനുകൾ രക്ഷിക്കുകയായിരുന്നു ഈ ഡ്രൈവർ. റോഡിലെ ആൾക്കൂട്ടം കണ്ടപ്പോഴാണ് വിവരം തിരക്കി നിബിൻ താൻ ഓടിക്കുന്ന ബസിന്റെ വേഗത കുറച്ചത്. പുഴയിൽ മൂന്ന് ജീവനുകൾ മുങ്ങിപ്പൊങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിൽക്കാൻ നിബിന് സാധിച്ചില്ല, എടുത്തുചാടി ജീവനുകളെ കരയ്ക്ക് എത്തിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്-പേരാമ്പ്ര ചാനിയം കടവ് പുഴയിലേക്കാണ് അമ്മ രണ്ടു കുട്ടികളുമായി എടുത്തു ചാടിയത്. ഈ സമയത്താണ് ഇത് വഴി ട്രിപ്പ് പോവുകയായിരുന്ന പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ഐശ്വര്യ ബസ് സ്ഥലത്തെത്തിയത്. റോഡിലും പുഴയുടെ വശങ്ങളിലുമുള്ള ആൾക്കൂട്ടം കണ്ട് ബസിലെ ഡ്രൈവർ നിബിൻ പന്തിരിക്കര വണ്ടി നിർത്തി ആളുകളോട് കാര്യമന്വേഷിച്ചു.

പുഴയിലേക്ക് ആരോ വീണതാണെന്ന് കേട്ട് പുഴയിലേക്ക് നോക്കിയപ്പോൾ കാണുന്നത് മുങ്ങിപൊങ്ങുന്ന കുട്ടികളെയാണ്. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ പെട്ടെന്ന് തന്നെ പുഴയിലേക്ക് എടുത്തു ചാടി മൂന്ന് പേരെയും നിബിൻ കരയ്ക്ക് കയറ്റുകയും ചെയ്തു. പിഞ്ചു കുഞ്ഞ് ഉൾപ്പടെ മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് സോഷ്യൽമീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, സമയോചിതമായ ഇടപെടൽ നടത്തി മൂന്ന് ജീവൻ രക്ഷിച്ചെടുത്ത നിബിനെ സോഷ്യൽമീഡിയയടക്കം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here