കൊടുവള്ളിയില്‍ കൊടുവള്ളിക്കാരന്‍ മതി, മുനീറാണെങ്കില്‍ വോട്ടില്ല; പ്രതിഷേധവുമായി വീട്ടിലെത്തി പ്രവര്‍ത്തകര്‍

0
390

മലപ്പുറം: കൊടുവള്ളിയില്‍ എം. കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം പുകയുന്നു. മണ്ഡലത്തില്‍ കൊടുവള്ളിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രി മുനീറിന്റെ വീട്ടിലെത്തി.

കൊടുവള്ളിയിലെ പ്രവര്‍ത്തകനായ എം. എ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എം. കെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുകരയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്നും ഇവര്‍ പറയുന്നു.

രാത്രി ഒമ്പതരയോടെയാണ് ഇരുപത്തിയഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ എം. കെ മുനീര്‍ എം.എല്‍.എയുടെ വീട്ടില്‍ പ്രതിഷേധവുമായി എത്തിയത്.

എം. എ റസാഖിന് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തങ്ങള്‍ വന്നത്. സീറ്റ് നിര്‍ബന്ധമായിട്ടും കിട്ടണം. അദ്ദേഹത്തിന് എവിടെ നിന്നാലും മത്സരിച്ചാല്‍ വിജയിക്കുന്ന സീറ്റ് കൊടുക്കണം. അല്ലെങ്കില്‍ മുനീര്‍ സാഹിബ് ഇവിടെ വരേണ്ട എന്നാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് ലീഗില്‍ പ്രതിഷേധം.

25 വര്‍ഷത്തിന് ശേഷമാണ് മുസ്‌ലിം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന അഡ്വ. നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ്.

1996ലാണ് ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. ഖമറുന്നിസ അന്‍വറായിരുന്നു അന്ന് കോഴിക്കോട് നിന്നും മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുസ്‌ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിത്വം വഴിവെച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനോട് 8000ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഖമറുന്നീസ പരാജയപ്പെട്ടത്.

നിയസഭ സഭയിലേക്ക് മത്സരിക്കുന്ന 27ല്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ പി എ മജീദ് തിരൂരങ്ങാടിയിലും എം കെ മുനീര്‍ കൊടുവള്ളിയിലും മത്സരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here