കുറഞ്ഞ ഭൂരിപക്ഷം, 89 വോട്ടുകൾക്ക് സുരേന്ദ്രനെ തോൽപ്പിച്ച മണ്ഡലം; തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വൈരുധ്യങ്ങൾ…

0
646

കാസർകോട് ∙ ‌‌2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. കേവലം 89 വോട്ടുകൾക്ക് മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രനെ തോൽപിച്ചതാണ് ജില്ലയിലെ വടക്കേ അറ്റത്തെ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇതെന്നു കരുതിയാൽ തെറ്റി. 1987ൽ പഴയ  ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്നു കോൺഗ്രസിലെ എൻ.മനോഹരൻ 59 വോട്ടുകൾക്ക് വിജയിച്ചതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അന്ന് പരാജയപ്പെട്ട സിപിഐയിലെ പള്ളിപ്രം ബാലൻ 2006 ലെ തിരഞ്ഞെടുപ്പിൽ നേടിയ 34939 വോട്ടുകളുടെ വിജയമാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നത് മറ്റൊരു വൈരുധ്യം.

59 വോട്ടിന്റെ തോൽവി

ഇന്നത്തെ ഉദുമ മണ്ഡലത്തിന്റെ പകുതി ഭാഗവും കാഞ്ഞങ്ങാട് മണ്ഡലവും കൂടി ഉൾപ്പെട്ടതായിരുന്നു ഹൊസ്ദുർഗ്. സിപിഐയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനുള്ള ദൗത്യം കോൺഗ്രസ് ഏൽപിച്ചത് എൻ.മനോഹരനെ. കണ്ണൂരിലെ പ്രമുഖ നേതാവായ പള്ളിപ്രം ബാലനെയാണ് മണ്ഡലം നിലനിർത്താൻ സിപിഐ രംഗത്തിറക്കിയത്.

ശക്തമായ പോരാട്ടത്തിനൊടുവിൽ മനോഹരന് 59 വോട്ടിന്റെ വിജയം. മനോഹരൻ 46677 വോട്ടുകൾ നേടിയപ്പോൾ പള്ളിപ്രം ബാലന് 46618 വോട്ടുകൾ ലഭിച്ചു. അതായിരുന്ന ഹൊസ്ദുർഗിൽ ഒടുവിലത്തെ യുഡിഎഫ് വിജയവും.

പള്ളിപ്രത്തിന്റെ പകരം വീട്ടൽ

അന്ന് തോറ്റ പള്ളിപ്രം ബാലൻ 2006 ൽ വീണ്ടും മത്സരിക്കാനെത്തി. കോൺഗ്രസ് പിളർന്ന് കെ.കരുണാകരൻ ഡിഐസി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച സമയം. യുഡിഎഫിലെ ധാരണ പ്രകാരം ഡിഐസിക്ക് ആയിരുന്നു ഹൊസ്ദുർഗ് സീറ്റ്.

പി.രാമചന്ദ്രനെയാണ് ഡിഐസി രംഗത്തിറക്കിയത്. 34939 വോട്ടുകൾക്ക് വിജയിച്ച് പള്ളിപ്രം ആദ്യ തോൽവിക്ക് മധുര പ്രതികാരം വീട്ടുകയും ചെയ്തു. പള്ളിപ്രത്തിന് 71751 വോട്ടുകളും പി.രാമചന്ദ്രന് 36812 വോട്ടുകളും ലഭിച്ചു. പള്ളിപ്രം അങ്ങനെ ഹൊസ്ദുർഗിന്റെ അവസാന എംഎൽഎയുമായി. പിന്നീട് ഇതിനെ കാഞ്ഞങ്ങാട് മണ്ഡലമായി പുനർനാമകരണം ചെയ്തു.

മഞ്ചേശ്വരത്ത് കുറഞ്ഞ ഭൂരിപക്ഷം മുൻപും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായിട്ടല്ല മഞ്ചേശ്വരം കുറഞ്ഞ ഭൂരിപക്ഷം നൽകുന്നത്. 1980ലും 1982 ലും സിപിഐയിലെ ഡോ.എ.സുബ്ബറാവു ഇവിടെ നിന്നു വിജയിച്ചത് 200 ൽ താഴെ വോട്ടുകൾക്കാണ്. 1980 ൽ, പിന്നീട് മഞ്ചേശ്വരത്ത് തേരോട്ടം നടത്തിയ മുൻ മന്ത്രി കൂടിയായ മുസ്‌ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ 156 വോട്ടുകൾക്കാണ് സുബ്ബറാവു തോൽപിച്ചത്. സുബ്ബറാവു 20816 വോട്ടുകളും ചെർക്കളം 20660 വോട്ടുകളും നേടി. 2 വർഷം കഴിഞ്ഞ നടന്ന തിരഞ്ഞെടുപ്പിലും നേരിയ ഭൂരിപക്ഷം സുബ്ബറാവു ആവർത്തിച്ചു. 163 വോട്ടുകൾക്കായിരുന്നു അന്നത്തെ വിജയം. സുബ്ബറാവു 19554 വോട്ടുകൾ നേടിയപ്പോൾ എതിർ ്സ്ഥാനാർഥിയായ കോൺഗ്രസിലെ എൻ.രാമകൃഷ്ണന് 19391 വോട്ടുകളാണ് നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here