അബുദാബി: മരണാനന്തര, സംസ്‌കാര നടപടികള്‍ സംബന്ധിച്ച പുതിയ കരട് നിയമത്തിന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍(എഫ്എന്‍സി) അംഗീകാരം നല്‍കി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്‌കരിക്കുക എന്നിവ ഉള്‍പ്പെടെ മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതിയ കരട് നിയമത്തിലുണ്ട്.

നിയമലംഘകര്‍ക്ക് കനത്ത പിഴ ഈടാക്കും. എഫ് എന്‍ സി സ്പീക്കര്‍ സഖര്‍ ഗോബാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ ശ്മശാനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം തടവോ 10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കും. അധികൃതര്‍ നിശ്ചയിച്ച സ്ഥലത്തല്ലാതെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം തയ്യാറാക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 20,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.

ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകാനോ മറ്റ് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മൃതദേഹം കൊണ്ടുവരാനോ അനുമതി വേണം. നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം. മൃതദേഹം സംസ്‌കരിച്ച സ്ഥലമോ ശ്മശാനമോ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ശ്മശാന സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുകയോ സെമിത്തേരിയില്‍ മാറ്റം വരുത്തുകയോ ചെയ്യുന്നതും പെര്‍മിറ്റ് ലഭിക്കാതെ രാജ്യത്ത് മൃതദേഹം കൊണ്ടുവരുന്നതും ശിക്ഷാര്‍ഹമാണ്.