‘രോഗിയ്ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് കൈയ്യിലുണ്ട്, നടക്കുന്നത് എന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം’; തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഫിറോസ് കുന്നുംപറമ്പില്‍

0
167

താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് വ്യാജവാര്‍ത്തയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫിറോസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പില്‍ തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് ഫിറോസിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് തന്റെ കൈയ്യിലുണ്ടെന്നും സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും ഫിറോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ:

മാനന്തവാടി പൊലീസ് എൻ്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാൻ ഒരു തെളിവുപോലുമില്ല. പണം നൽകിയതിൻ്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിൻ്റേയും കൃത്യമായ സ്റ്റേറ്റ്മെൻറുകൾ കൈയിലുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. രണ്ടു പേർ ഒന്നര വർഷമായി തുടർച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാൾക്ക് കൈമാറാൻ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യർത്ഥിക്കുന്നവർ കാര്യം നടന്നുകഴിയുമ്പോൾ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങൾ ഇങ്ങനെ പെരുമാറിയാൽ ജീവകാരുണ്യപ്രവർത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോൾ മുഴുവനും വേണം, മറ്റ് രോഗികൾക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.

നന്മയുള്ളവർ എന്നിലർപ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പലരും വരുന്നത് എൻ്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകൾ ജീവകാരുണ്യപ്രവർത്തനം നടത്തും. പക്ഷെ, ഞാൻ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവർക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കിൽ സ്വയം വീഡിയോ ചെയ്താൽ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യർ പണം തരുമെന്നതുകൊണ്ടാണ് എൻ്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും.

മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഒടുവിൽ കുറ്റപ്പെടുത്തലും വിമർശനവുമാണ് തങ്ങൾക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്. സമൂഹം അങ്ങനെയാണ്. ഒരാൾ 10 ദിവസം സ്വന്തം കൈയിൽ നിന്ന് പണം കൊടുത്ത് 10 പേർക്ക് ചോറുപൊതി കൊടുത്താലും 11 ആം ദിവസം ആരോപണം കേൾക്കും. ചാരിറ്റിയിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. വ്യക്തിഹത്യ ചെയ്യുന്നവരെ കൈകാര്യം ചെയ്യണമെന്ന പ്രസ്താവന വളച്ചൊടിച്ചു. ചെയ്യാത്ത തെറ്റിന് ആക്രമിക്കപ്പെടുന്നതിലെ ദേഷ്യത്തിൽ പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമാണത്.

LEAVE A REPLY

Please enter your comment!
Please enter your name here