രാജ്യസഭയില്‍ മോദി കരഞ്ഞതിനു പിന്നില്‍ 2007 ലെ ഗുലാം നബിയുടെ ഒരു കരച്ചിലുണ്ട്- ആ വീഡിയോ

0
176

ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിരിഞ്ഞുപോകുന്ന ദിനമായ ഇന്ന് സഭയില്‍ വികാരനിര്‍ഭരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഗുലാം നബി ആസാദിന്റെ ഇടപെടലുകളും ഗുണഗണങ്ങളും എണ്ണിപ്പറഞ്ഞ മോദി, വാക്കുകള്‍ കിട്ടാതെ കരയുന്നതും കണ്ടു. ഈ കരച്ചിലിനു പിന്നില്‍ ഗുലാം നബിയുടെ ഒരു കരച്ചിലുണ്ട്.

ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേയാണത്. 2007 ല്‍ ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബസിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ്. ഗുജറാത്തീ വിനോദസഞ്ചാരികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഇരുവരും കൈകോര്‍ത്തുവെന്നാണ് മോദി അനുഭവം പങ്കുവച്ചത്.

അന്നേദിവസം ജീവന്‍ നഷ്ടപ്പെട്ട സഞ്ചാരിയുടെ കുടുംബത്തെ ഗുലാം നബി ആസാദ് കാണുന്ന ദൃശ്യം ഇപ്പോള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. കുടുംബത്തിന്റെ സങ്കടത്തില്‍ ദു:ഖം താങ്ങാനാവാതെ ഗുലാം നബിയും വിങ്ങിപ്പൊട്ടുന്നു. ഒടുവില്‍ ഹെലികോപ്റ്ററില്‍ യാത്രയാക്കുമ്പോള്‍, അവരോടായി ഗുലാം നബി മാപ്പും ചോദിക്കുന്നത് ദൃശ്യത്തില്‍ കാണാം: ‘പഴങ്ങളും മറ്റുമായി തിരിച്ചുപോകാന്‍ കണക്കാക്കിയ നിങ്ങള്‍, തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായാണ് മടങ്ങുന്നത്. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുകയാണ്’- കരഞ്ഞുകൊണ്ട് ഗുലാം നബി ആസാദ് അവരെ യാത്രയാക്കുന്നു.

ഈ സംഭവം ഓര്‍ത്തെടുത്താണ് മോദിയും വികാരാധീനനായത്. നിമിഷങ്ങളോളം വാക്കുകള്‍ കിട്ടാതെ, സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട് ഒടുവില്‍ ഒരിറക്ക് വെള്ളം കുറിച്ചാണ് മോദി പ്രസംഗം തുടര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here