മുസ്ലീം പുരുഷന്മാർക്ക് വിവാഹമോചനം നേടാതെ തന്നെ പുനർവിവാഹം ചെയ്യാം; എന്നാൽ സ്ത്രീകൾക്കിത് ബാധകമല്ലെന്ന് കോടതി

0
309

മുസ്ലീം പുരുഷന്മാർക്ക് വിവാഹമോചനം നേടാതെ തന്നെ വീണ്ടും വിവാഹിതൻ ആകാമെന്നും എന്നാൽ മുസ്ലീം സ്ത്രീകളുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നും കോടതി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഇത്തരത്തിൽ  ഒരു നിരീക്ഷണം നടത്തിയത്.

ഇസ്ലാം വിശ്വാസികളായ പ്രായപൂർത്തിയായ പങ്കാളികളാണ് തങ്ങൾ എന്ന് വ്യക്തമാക്കിയായിരുന്നു ഇവർ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ‘നിക്കാഹ്നാമ’പ്രകാരം ഇക്കഴിഞ്ഞ ജനുവരി 19നാണ് നിക്കാഹ്  നടന്നത്. എന്നാൽ ഇതിന് പിന്നാലെ ബന്ധുക്കൾ ഭീഷണിയുമായെത്തുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ഹർജി പ്രകാരം ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സമ്മതം ഇല്ലാതിരുന്നിട്ട് കൂടി വീട്ടുകാർ നിർബന്ധപൂർവ്വമാണ് ആദ്യ വിവാഹം നടത്തിയതെന്നാണ് ഇരുവരും ആരോപിക്കുന്നത്. തന്‍റെ ആദ്യ ഭർത്താവിന്‍റെ കുടുംബത്തിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ത്രീ ഹർജിയിൽ പറയുന്നു. ഈ പരാതിയിലാണ് കോടതി നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്.

മുസ്ലീം ആയതിനാൽ, അപേക്ഷകർക്ക് രണ്ടാം വിവാഹത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ ജീവനും സ്വത്തിനും സംരക്ഷണം തേടാമെന്നുമാണ് ദമ്പതികളുടെ വൈവാഹിക നിലയെക്കുറിച്ചുള്ള ചോദ്യത്തിൽ അഭിഭാഷകൻ കോടതിയിൽ പ്രതികരിച്ചത്. എന്നാൽ സ്ത്രീയുടെ ആദ്യവിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മുൻ ഭർത്താവിൽ നിന്നും വിവാഹമോചനം തേടാതെ സ്ത്രീക്ക് വീണ്ടും വിവാഹിതയാകാൻ കഴിയില്ലെന്ന കാര്യം കേസ് പരിഗണിച്ച ജസ്റ്റിസ് അൽക്ക സരിൻ അറിയിച്ചത്.

‘പരാതിക്കാരി ഒരു മുസ്ലീം സ്ത്രീയാണ്. നേരത്തെ വിവാഹിതായാണെന്ന് അവർ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ അത് എപ്പോൾ ആർക്കൊപ്പം എന്നത് സംബന്ധിച്ച് വിശദാംശങ്ങളൊന്നുമില്ല. അത് മാത്രമല്ല മുസ്‌ലിം വ്യക്തിഗത നിയമപ്രകാരമോ 1939 മുസ്‌ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചോ ഇവർ ആദ്യഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ആ സാഹചര്യത്തിൽ അവരുടെ ആദ്യവിവാഹം നിയമത്തിന്‍റെ കണ്ണിൽ ഇപ്പോഴും നിലനിൽക്കുന്നതാണ്. ഒന്നാം കക്ഷി ആദ്യഭർത്താവിൽ നിന്നും വിവാഹമോചനം നേടാത്ത സാഹചര്യത്തിൽ ദമ്പതികളെന്ന നിലയിൽ പരാതിക്കാർക്ക് എങ്ങനെ സംരക്ഷണം നൽകാനാകും. ആദ്യ ഭർത്താവിൽ നിന്നും സ്ത്രീ നിയമപരമായ സാധുതയുള്ള വിവാഹമോചനം നേടിയിട്ടില്ല എന്നിരിക്കെയാണ് പരാതിക്കാർ വിവാഹം ചെയ്തിരിക്കുന്നത്.’
“ഒരു മുസ്ലീം പുരുഷൻ തന്റെ മുൻ ഭാര്യയെ വിവാഹമോചനം ചെയ്യാതെ ഒന്നിലധികം തവണ വിവാഹം കഴിച്ചേക്കാം, പക്ഷേ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ല. തന്റെ ആദ്യ ഭർത്താവിനെ മുസ്ലീം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കിൽ 1939 ലെ മുസ്ലീം വിവാഹ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വിവാഹമോചനം നടത്തിയാൽ മാത്രമെ മുസ്ലീം സ്ത്രീക്ക് വീണ്ടും വിവാഹിതയാകാൻ കഴിയു. വാസ്തവത്തിൽ, ഹർജിക്കാരിയായ സ്ത്രീ ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടാതെയാണ് വീണ്ടും വിവാഹിത ആയത് എങ്കിൽ ഹർജിക്കാർ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമായി കണക്കാക്കേണ്ടി വരും’ എന്നായിരുന്നു ജസ്റ്റിസ് അൽക്കയുടെ വാക്കുകൾ.

ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളിയെങ്കിലും രണ്ട് വ്യക്തികളായി ജീവനും സ്വത്തിനും സംരക്ഷണം തേടി പൊലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here