‘മിയ ഖലീഫയ്ക്ക് ബോധം വന്നു’; മുദ്രാവാക്യം തര്‍ജ്ജമ ചെയ്ത് കുടുങ്ങി ബിജെപി പ്രവര്‍ത്തകര്‍; പരിഹസിച്ച് മിയ ഖലീഫയും

0
223

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് കൊണ്ട് മുന്‍ പോണ്‍ താരം മിയ ഖലീഫ ഇട്ട ട്വീറ്റ് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. മിയക്കെതിരെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വലിയ പ്രതിഷേധമായിരുന്നു വന്നത്.താരത്തിനെതിരെ പ്രക്ഷോഭം നടത്തിയ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡാണ് ഇതിനിടയില്‍ ട്രോളുകളില്‍ നിറയുകയാണ്. ഹിന്ദി മുദ്രാവാക്യം തെറ്റായ രീതിയില്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

‘മിയ ഖലീഫ യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ’, ‘സ്വബോധത്തിലേക്ക് വരൂ’ എന്നര്‍ത്ഥത്തില്‍ വരുന്ന ‘മിയ ഖലീഫ ഹോശ് ആവോ’ എന്ന മുദ്രാവാക്യമാണ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത്.

‘മിയ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്‌നെസ്’ (മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി) എന്നാണ് മുദ്രാവാക്യം അതേ പോലെ ഇംഗ്ലീഷിലാക്കി പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സലേറ്റ് ചെയ്ത് മുദ്രാവാക്യം ഉണ്ടാക്കിയാല്‍ ഇതാവും അവസ്ഥയെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായെത്തി.

ഒടുവില്‍ മിയ ഖലീഫ തന്നെ ഈ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിഷേധക്കാരെ ട്രോളി. എനിക്ക് ബോധം വന്നു, കരുതലിന് നന്ദി എന്നാണ് മിയ ഖലീഫ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഞാനിപ്പോഴും കര്‍ഷക സമരത്തിനൊപ്പം നില്‍ക്കുന്നെന്നും മിയ ഖലീഫ ആവര്‍ത്തിച്ചു.

‘ ഞാന്‍ സ്വബോധം നേടിയെന്ന് അറിയിക്കുന്നു. അനാവശ്യമാണെങ്കിലും നിങ്ങളുടെ കരുതലിന് നന്ദി. ഇപ്പോഴും ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു, മിയ ഖലീഫ ട്വീറ്റ് ചെയ്തു.

പോപ് ഗായിക റിഹാന കര്‍ഷക സമരത്തെ അനുകൂലിച്ച് കൊണ്ട് ട്വീറ്റിട്ടതിനു പിന്നാലെയായിരുന്നു മിയ ഖലീഫയുടെയും പിന്തുണ. കര്‍ഷകര്‍ എങ്ങനെയാണ് പേയ്ഡ് ആക്ടേരാസാവുകയെന്നു ചോദിച്ച മിയ പ്രക്ഷോഭത്തിന് ഐക്യധാര്‍ഢ്യവും പ്രഖ്യാപിച്ചു.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

‘ഈ പ്രതിഷേധം ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്, ഒപ്പം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട കര്‍ഷക ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ട്. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഇടുന്നതിന് മുന്‍പ് കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസിലാക്കണം’, വിദേശകാര്യമന്ത്രി പറഞ്ഞു.

ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here