പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ ബുക്കിങ് ആവശ്യമെന്ന് ഇന്ത്യന്‍ എംബസി

0
212

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെപുതിയ അറിയിപ്പുമായി റിയാദിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ടിനായുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഉമ്മ് അല്‍ ഹമ്മാം വിഎഫ്എസ് ഗ്ലോബല്‍, അല്‍ ഹദ വിഎഫ്എസ് ഗ്ലോബല്‍, അല്‍ ഖോബാര്‍ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് വേണമെന്ന് എംബസി വ്യക്തമാക്കി. ഇത് ഫെബ്രുവരി ഏഴ് മുതലാണ് പ്രാബല്യത്തില്‍ വന്നത്. അപേക്ഷകര്‍ക്ക് നേരിട്ടെത്തി പാസ്‌പോര്‍ട്ട്, അനുബന്ധ രേഖകള്‍ എന്നിവ സ്വീകരിക്കാം. എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളിലും കൊറിയര്‍ സേവനങ്ങള്‍ ഓപ്ഷനലാണെന്നും ഇത് നിര്‍ബന്ധമല്ലെന്നും എംബസി കൂട്ടിച്ചേര്‍ത്തു. അപേക്ഷകള്‍ സമര്‍പ്പിക്കാനും രേഖകള്‍ സ്വീകരിക്കാനും അപേക്ഷകര്‍ക്ക് നേരിട്ടെത്താമെന്നും അറിയിപ്പില്‍ വിശദമാക്കി.

അതേസമയം സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാഴ്സലുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം പാടില്ല. പൊതുപരിപാടികൾക്കുള്ള  വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി നീട്ടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here