കാസർകോട് : ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന പഞ്ചായത്തിന് കളക്ടറുടെ പുരസ്കാരം നൽകുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.
മാസത്തിൽ ഒരുതവണ അധ്യാപകരും വിദ്യാർഥികളും കോവിഡ് പരിശോധന നടത്തണം. ഡി.എം.ഒ. (ആരോഗ്യം) തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. കോൾ അറ്റ് സ്കൂൾ പദ്ധതി ഊർജിതമാക്കാനും കോൾ അറ്റ് കോളേജ് പദ്ധതി ആരംഭിക്കാൻ കോളേജ് പ്രിൻസിപ്പൽമാരുടെയും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കായിക ടൂർണമെന്റുകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് കളക്ടർ നിർദേശിച്ചു. ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ജാഫർ മാലിക്ക് എ.ഡി.എം. അതുൽ എസ്.നാഥ്, ഡിവൈ.എസ്.പി. ജെയ്‌സൺ കെ. എബ്രഹാം, ഡി.ഡി.ഇ. കെ.വി.പുഷ്പ എന്നിവർ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ജില്ലയിലെ ചില സ്കൂളുകളിൽ 10, 12 ക്ലാസുകൾക്ക് പുറമെ മറ്റു ക്ലാസുകൾകൂടി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.