Home Kerala കേരളത്തില്‍ മത്സരിക്കാനില്ല, സഖ്യത്തിനില്ല, പ്രചാരണത്തിനുമില്ല: അസദുദ്ദീന്‍ ഉവൈസി
തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് കേരളത്തില്‍ മത്സരിക്കാത്തതെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘‘കേരളത്തില്‍ മുസ്‌ലിം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കേരളത്തിലേക്കു വരുന്നില്ല.’’ ബിഹാറില്‍ മത്സരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യ രാഷ്ട്രമായതിനാല്‍ ഇഷ്ടമുള്ളിടത്തു മത്സരിക്കാമെന്നായിരുന്നു മറുപടി. ബിഹാറില്‍ മുസ്‌ലിം പാര്‍ട്ടികള്‍ സജീവമല്ലാത്തതാണോ കാരണമെന്ന ചോദ്യത്തിന്, അതും കാരണമാകാമെന്നും ഉവൈസി മറുപടി നല്‍കി.
ഹൈദരാബാദില്‍നിന്നുള്ള എംപിയാണ് അസദുദ്ദീന്‍ ഉവൈസി. പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കാന്‍ ഉവൈസി തീരുമാനിച്ചിരുന്നു. ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തി. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ കിഷന്‍ഗഞ്ചിലൂടെ ബിഹാറില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടി. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എംഐഎംഐഎം മത്സരിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടു സീറ്റുകളില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കായി.