കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടരമീറ്റര്‍ വരെ താഴ്ന്നു; വരള്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക

0
179

കാസർകോട് ‌ജില്ലയിലെ ഭൂജല നിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടര മീറ്റർ വരെ താഴ്ന്നതായി കണ്ടെത്തൽ. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ജലവിതാനത്തിലെ കുറവ് കണ്ടെത്തിയത്. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന കണ്ടെത്തിയത്.

ബാക്കി 18 എണ്ണത്തിലും കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ‌വൊർക്കാടി പഞ്ചായത്തിലാണ് ജലനിരപ്പ് ഏറ്റവും കൂടുതൽ കുറഞ്ഞത് (2.6 മീറ്റർ). കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപ്പാറയിലും (2.4 മീറ്റർ), ബന്തടുക്കയിലും (1.9 മീറ്റർ) കുറഞ്ഞു. കുഴൽ കിണർ റിച്ചാർജ് വ്യാപകമായി നടപ്പിലാക്കിയിട്ടും ജലനിരപ്പിലെ കുറവ് ഗൗരവത്തോടെയാണ് വീക്ഷിക്കേണ്ടത്. അതേസമയം കിണറുകളിൽ മുൻ വർഷത്തെ ശരാശരിയേക്കാൾ ജലനിരപ്പ് വർധിക്കുകയും ചെയ്തു.

ഡിസംബർ മാസത്തിലെ വേനൽമഴയാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ഭൂജല വകുപ്പിന്റെ രേഖകൾ പ്രകാരം കാസർകോട് ബ്ലോക്ക് വരൾച്ചാ സാധ്യത ഏറ്റവും കൂടുതലുള്ള ക്രിട്ടിക്കൽ ബ്ലോക്കാണ്. കാഞ്ഞങ്ങാട്, കാറ‍ഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകൾ സെമി ക്രിട്ടിക്കലും. ഇവിടെ കുഴൽ കിണർ കുഴിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ കുഴിക്കൽ തകൃതിയായി നടക്കുകയാണെന്ന പരാതി ശക്തമാണ്.

മഴവെള്ളം റീചാർജ് ചെയ്യുക മാത്രമാണ് കുഴൽ കിണറുകളിലെ ജലനിരപ്പ് ഉയർത്താനുള്ള ഏക പോംവഴി. ‌ജില്ലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തടയണ നിർമാണങ്ങളും മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങളും ശക്തമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ മഴവെള്ള സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here