ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

0
146

ആലപ്പുഴ: വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

റിയാസ്, നിഷാദ്, അനസ്, അബ്ദുല്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറമ്പ് നന്ദു (22) വെട്ടേറ്റ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയലാറില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വെട്ടിയവരെയും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ജാഥക്ക് നേരെ ആര്‍.എസ്.എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്.ഡി.പി.ഐ നേതാക്കളുടെ പ്രതികരണം.

ആലപ്പുഴയില്‍ ഇന്ന് ആര്‍.എസ്.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരന്‍ സ്ഥലം സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here