വിവാഹദിവസവും ജീവകാരുണ്യ ദൗത്യം ഏറ്റെടുത്ത് യുവാവ്; ആംബുലൻസ് ഡ്രൈവറായ മുസദ്ദിഖാണ് നാട്ടിലെ താരം

0
176
ആംബുലൻസ് ഡ്രൈവർ ആയ മണ്ണൂർ മുർഷിദ മൻസിലിൽ പി മുസദ്ദിഖിന്റെ സാമൂഹ്യപ്രതിബദ്ധത നാടിനെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് ഇടയിൽ വൃദ്ധദമ്പതികളെ ആശുപത്രിയിൽ എത്തിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ ഒരു മടിയും കൂടാതെ ഏറ്റെടുത്തു ഈ ചെറുപ്പക്കാരൻ .
വിവാഹദിവസം വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് വിളി വന്നത്. കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകരാണ് ഫോണിൽ ബന്ധപ്പെട്ടത്. വയോധികരായ ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസിന്റെ ചാവി ആവശ്യപ്പെട്ടാണ് വിളിച്ചത്.
“മുസദ്ദിഖ് വിവാഹത്തിനായി ആറളത്തെ വധൂഗൃഹത്തിൽ ആണെന്ന് മനസ്സിലാക്കിയതിനാൽ മറ്റൊരു ഡ്രൈവറെ കണ്ടെത്താനായിരുന്നു ഞങ്ങൾ ശ്രമിച്ചത്. ആംബുലൻസിന്റെ ചാവി വീട്ടിൽ വെച്ചിട്ടുണ്ടോ എന്നറിയാനാണ് വിളിച്ചത്. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത മുസദ്ദിഖ് വിവാഹത്തിനായി ധരിച്ചിരുന്ന വേഷത്തിൽ തന്നെ ആംബുലൻസുമായി എത്തിയപ്പോൾ ഞങ്ങൾ ഞെട്ടിപോയി”, റിലീഫ് സെൽ ജനറൽ സെക്രട്ടറി ഷുഹൈബ് കൊതേരി ന്യൂസ് 18 നോട് പറഞ്ഞു.
“ആംബുലൻസ് രോഗിയുടെ അടുത്ത് എത്തിച്ച ശേഷം കല്യാണപന്തലിലേക്ക് മടങ്ങാം എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷേ രോഗികളുടെ അവസ്ഥ കണ്ടപ്പോൾ മറ്റൊരു ഡ്രൈവർക്ക് വേണ്ടി കാത്തു നിൽക്കാൻ മനസ്സ് അനുവദിച്ചില്ല. കല്യാണത്തെക്കാൾ പ്രാധാന്യം ജീവനകാരുണ്യ പ്രവർത്തനത്തിന് തന്നെ, “മുസദ്ദിഖ് ന്യൂസ് 18 നോട് പറഞ്ഞു.
നിർധനരും കിടപ്പു രോഗികളും ആയ വയോധികർക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം മുസദ്ദിഖ് വീണ്ടും വിവാഹ പന്തലിൽ എത്തി. തുടർന്ന് ആറളം സ്വദേശിനി സുഹാനയുമായുള്ള വിവാഹം മംഗളകരമായി നടന്നു.
മുസദ്ദിഖിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് പ്രഥമ പരിഗണന നൽകുന്ന പ്രവർത്തനരീതി മുമ്പും അനുഭവപ്പെട്ടിട്ടുണ്ട് എന്ന് റിലീഫ് സെൽ പ്രസിഡൻറ് പി എ ഷറഫുദീൻ പറയുന്നു. ജീവകാരുണ്യ പ്രവർത്തകരായ പികെ അയൂബ്, കെ പി റാഷീദ്, എം പി റഷീദ് എന്നിവരും ഇത്തരത്തിലുള്ള മുൻ അനുഭവങ്ങളെ കുറിച്ച് ന്യൂസ് 18 നോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here