വാട്‌സാപ്പ് സ്വകാര്യ ആപ്പ്; ഇഷ്ടമുണ്ടെങ്കിൽ ചേർന്നാൽ മതി -കോടതി

0
155

ന്യൂഡൽഹി: വാട്‌സാപ്പ് സ്വകാര്യ മൊബൈൽ ആപ്പാണെന്നും അതിന്റെ നയം ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും ഡൽഹി ഹൈക്കോടതി. താത്പര്യമില്ലാത്തവർക്ക് വാട്‌സാപ്പ് ഉപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25-ലേക്കു മാറ്റി.

സ്വകാര്യ ആപ്പാണ് വാട്‌സാപ്പെന്നും അതിൽ ചേരണമോയെന്നത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ ചൂണ്ടിക്കാട്ടി. മൊബൈൽ ആപ്പുകളുടെ ചട്ടങ്ങളും നിബന്ധനകളും വായിച്ചുനോക്കിയാൽ എന്തിനെല്ലാമാണ് സമ്മതം നൽകിയതെന്നറിഞ്ഞ് നിങ്ങൾ ആശ്ചര്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഗൂഗിൾ മാപ്പുപോലും നിങ്ങളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് സംഭരിക്കുന്നുണ്ട്. ഏതു വിവരം പുറത്തുവിടുമെന്നാണ് ഹർജിക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു.

വിഷയം പരിശോധിക്കേണ്ടതുതന്നെയാണെന്ന കോടതിയുടെ നിലപാടിനോട് കേന്ദ്രവും യോജിച്ചു. അതേസമയം, ഹർജി നിലനിൽക്കുന്നതല്ലെന്ന് വാട്‌സാപ്പിനും ഫെയ്‌സ്ബുക്കിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മുകുൾ റോഹ്തഗി എന്നിവർ വാദിച്ചു. വ്യക്തികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള സന്ദേശങ്ങളെല്ലാം എൻക്രിപ്റ്റഡ് ആയിത്തന്നെ തുടരും. വാട്‌സാപ്പ് വഴിയുള്ള ബിസിനസ് ചാറ്റുകൾക്ക് മാത്രമാണ് പുതിയ നയം ബാധകമാവുകയെന്നും അവർ ചൂണ്ടിക്കാട്ടി.

ജനുവരി നാലിനാണ് വാട്സാപ്പ് അവരുടെ സ്വകാര്യതാനയം പുതുക്കിയത്. അവരുടെ നിബന്ധനകൾ അംഗീകരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു. അല്ലാത്തപക്ഷം അക്കൗണ്ടുകൾ ഒഴിവാക്കാനായിരുന്നു വ്യക്തികൾക്കുള്ള നിർദേശം. പുതിയ നയം സ്വീകരിക്കാത്തവർ ഫെബ്രുവരി എട്ടുമുതൽ വാട്സാപ്പിലുണ്ടാവില്ല. പുതിയ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്നുകാട്ടി അഡ്വ. ചൈതന്യ രോഹില്ലയാണ് പരാതിനൽകിയത്. മൗലികാവകാശങ്ങൾക്ക് തടസ്സമാകാത്തരീതിയിൽ നയമുണ്ടാക്കാൻ കോടതി മാർഗരേഖയിറക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here