യൂത്ത്‌ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര്‍ നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും

0
145

യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്ലീംലീഗ് യൂത്ത് ലീഗിന് നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

ഏറെ നാളായി തഴയപ്പെട്ടുവെന്ന യൂത്ത് ലീഗ് പരാതിക്ക് ഇനി ഇടമുണ്ടാകാനിടയില്ല. പത്തോളം സീറ്റുകളില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ മാറി നില്‍ക്കുന്നതോടെയാണ് യൂത്ത് ലീഗിലെ ആറോളം പേര്‍ക്ക് ഇത്തവണ അവസരം കിട്ടിയേക്കുക. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമപരിഗണന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ക്കാണ്. എം.സി. കമറുദ്ദീന്‍ മാറുന്ന മഞ്ചേശ്വരത്ത് ഇത്തവണ യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം. അഷ്റഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി ആലോചന. സംസ്ഥാന ട്രഷറര്‍ എം.എ. സമദിനും ടി.പി. അഷ്റഫലിക്കും സീറ്റ് നല്‍കിയേക്കും.

യൂത്ത് ലീഗ് ശ്രദ്ധ ചെലുത്തേണ്ട മണ്ഡലങ്ങളുടെ പട്ടിക മുസ്ലീംലീഗ് നേതൃത്വം യൂത്ത് ലീഗിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി ഇവിടങ്ങളില്‍ വിജയസാധ്യത ഉറപ്പാക്കും. ലീഗിന് സ്വാധീനമുള്ള ഇടങ്ങളില്‍ തദ്ദേശീയമായ പ്രശ്നങ്ങള്‍ പരിഹരിച്ച് വിജയസാധ്യത ഉറപ്പാക്കുകയാണ് യൂത്ത് ലീഗ് ലക്ഷ്യം. പ്രവര്‍ത്തകരുടെ പ്രതിനിധികളെ നേരില്‍ക്കണ്ട് സംസ്ഥാന അധ്യക്ഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയാകും മുന്നോട്ട് പോകുക. ഇതിനിടെ എംഎസ്എഫും സീറ്റ് ആവശ്യവുമായി നേതൃത്വത്തെ സമീപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here