മംഗൽപാടി ഗവ. ഹൈസ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ: കുട്ടികളെ എവിടെയിരുത്തി പഠിപ്പിക്കും?

0
138

കുമ്പള : നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മൂന്ന് കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ല. ഉച്ചക്കഞ്ഞി പാകംചെയ്യുന്നതിനാവശ്യമായ പാചകപ്പുരയില്ല. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗചാലയങ്ങളില്ല. ഇങ്ങനെ അവഗണനയുടെ കഥകൾ മാത്രമാണ് മംഗൽപടി ഗവ. ഹൈസ്കൂളിന് പറയാനുള്ളത്. 1958 സെപ്റ്റംബർ 16-ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്ത പാഠശാലയാണിത്. അന്ന് പ്രൈമറി തലത്തിൽ ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി ഉയർത്തുകയായിരുന്നു.

ഇന്ന് 589 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. രണ്ടേക്കറിൽ ഏഴ്‌ കെട്ടിടങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് ഹൈസ്കൂൾ. ഓടുമേഞ്ഞ കെട്ടിടങ്ങളാണേറെയും. മഴക്കാലമായാൽ ചോർന്നൊലിക്കുന്നവ. അപകടാവസ്ഥയിലായ മൂന്ന്‌ കെട്ടിടങ്ങൾക്ക് ക്ലാസ് നടത്താനുള്ള അനുമതിയില്ല. കോവിഡ് കാലമായതിനാൽ ഇപ്പോൾ പത്താംതരത്തിന് മാത്രമാണ് ക്ലാസുകളുള്ളത്. അഞ്ചാം ക്ലാസ് മുതൽ ഇവിടെ പഠനത്തിനായി കുട്ടികളെത്തുന്നു. കോവിഡ് കാലത്തിനുശേഷം ക്ലാസുകൾ തുടങ്ങുമ്പോൾ കുട്ടികളെ എവിടെയിരുത്തുമെന്ന ചിന്തയിലാണ് രക്ഷിതാക്കളും അധ്യാപകരും.

സ്കൂളിന്റെ തൊട്ട് മുൻവശത്തായി പഴയ പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങൾ ഇഴജന്തുക്കൾക്ക് താവളമായി നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ കെട്ടിടാവശിഷ്ടങ്ങൾ അവിടെനിന്ന് മാറ്റി കുട്ടികൾക്ക് സുരക്ഷാ സാഹചര്യം ഒരുക്കണമെന്ന് ആളുകൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.

മലയാളം, കന്നട, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഇവിടെ പഠനം നടത്തുന്നുണ്ട്. എന്നാൽ ആവശ്യമായ കംപ്യൂട്ടറുകളോ ലാബ് സൗകര്യമോയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി ആറ്‌ ക്ലാസ് മുറികൾ നിർമിക്കാനായി ഒരുകോടി രൂപ ലഭിക്കുമെന്ന് ഒരുവർഷം മുമ്പ് സൂചന ലഭിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പാചകപ്പുരയും ഭക്ഷണഹാളും നിർമിക്കാൻ വേണ്ടി ഒരുവർഷം മുമ്പ് പണം അനുവദിച്ചിരുന്നു. എന്നാൽ തുക ഇതുവരെ കിട്ടാത്തതിനാൽ നിർമാണം തുടങ്ങാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here