നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍

0
189

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അവസാന ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാ ക്രമീകരണങ്ങളുടെ അന്തിമ ആക്ഷൻ പ്ലാന്‍ പൊലീസ് അടുത്തയാഴ്ച സമർപ്പിക്കും.തെരഞ്ഞെടുപ്പ് വേളയിൽ ഹവാല പണവും, മദ്യവും ,മയക്കുമരുന്നും ഒഴുക്കുന്നത് തടയാന്‍ പൊലീസിന്‍റെ സഹായത്തോടെ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ അന്തിമ ഒരുക്കങ്ങളിലേക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നു. സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച അന്തിമ ആക്ഷൻ പ്ലാൻ അടുത്തയാഴ്ചയോടെ പൊലീസ് സമർപ്പിക്കും. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികൾ അടുത്ത മാസം ആദ്യം എത്തുന്നതിന് മുമ്പ് രൂപരേഖ തയ്യാറാക്കേണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു.

ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താവും പൊലീസിന്‍റെ അന്തിമ ആക്ഷൻ പ്ലാന്‍ തയ്യാറാക്കുക. പൊലീസിന്‍റെയും കേന്ദ്ര സേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയൽ, പ്രശ്‌നബാധിത പ്രദേശങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായി ചർച്ച ഇന്നലെ നടന്നു. വടക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here