‘കേരളത്തില്‍ ജനിച്ച മുസ്ലിം പയ്യന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി’; കേരള താരത്തിന്റെ സെഞ്ച്വറിയെ ബോംബ് സ്‌ഫോടനമാക്കി വ്യാജപ്രചാരണം

0
174

ന്യൂഡല്‍ഹി: ‘കേരളത്തില്‍ ജനിച്ച മുസ് ലിം പയ്യന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി’. ഒറ്റ നോട്ടത്തില്‍ തന്നെ മലയാളികളായ മുസ് ലിംകളെ ‘തീവ്രവാദി’യാക്കുന്ന തലക്കെട്ട് നല്‍കിയത് മറ്റൊന്നിനുമല്ല. കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരായ ട്വന്റി-20 മല്‍സരത്തില്‍ അതിവേഗ സെഞ്ച്വറി നേടി കേരളത്തിനു ജയം സമ്മാനിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തെയാണ് ഇത്തരത്തില്‍ കുപ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചത്. ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ അതിവേഗ സെഞ്ച്വറിയെക്കുറിച്ച് ദി ന്യൂസ് മിനുട്ട് എഴുതിയ വാര്‍ത്തയുടെ തലക്കെട്ട് മോര്‍ഫ് ചെയ്താണ് വിദ്വേഷ പ്രചാരണത്തിനു വേണ്ടി സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ചത്. വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് കേരള മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ദി ന്യൂസ് മിനുട്‌സ് ആരോപിച്ചു.

സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഫാക്റ്റ് ചെക്ക് വെബ് സൈറ്റായ ബൂം ലൈവ് ഇത് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ദി ന്യൂസ് മിനുട്‌സിന്റെ തലക്കെട്ട് എഡിറ്റ് ചെയ്താണ് കുപ്രചാരണം നടത്തുന്നതെന്നു കണ്ടെത്തിയത്. വാര്‍ത്തയിലെ യഥാര്‍ത്ഥ തലക്കെട്ട് ’37 പന്തില്‍ സെഞ്ച്വറി നേടി കേരള ഓപണര്‍ അസ്ഹറുദ്ദീന്‍ ഹൃദയങ്ങള്‍ കീഴടക്കി’ എന്നായിരുന്നു. ജനുവരി 13ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മല്‍സരത്തിലാണ് മുംബൈയ്‌ക്കെതിരേ 37 പന്തില്‍ സെഞ്ച്വറി നേടിയത്. റിഷഭ് പന്ത് (32 പന്ത്), രോഹിത് ശര്‍മ (35 പന്ത്) എന്നിവരുടെ റെക്കോഡിനു തൊട്ടുതാഴെയായാണ് അസ്ഹറുദ്ദീന്റെ സ്ഥാനം. തെറ്റായ വിവരണത്തോടെയുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here