ചവറ ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ മർദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും പ്രതിഷേധക്കാർക്കു നേരെയുള്ള കയ്യേറ്റം.
സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തല ഉൾപ്പെടെയുള്ളവർക്കെതിരെ ആദ്യ സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു.