കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ്, ഉമ്മന്‍ ചാണ്ടി പാണക്കാട്ടെത്തി; യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി

0
129

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തുന്നത്. ഇതിനായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി.

ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്ന നേതൃത്വം അടുത്ത ദിവസം മുതല്‍ മറ്റു ഘടകക്ഷികളെയും കാണും.

മുസ്‌ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഏതെല്ലാം സീറ്റുകളാണ് അധികം ആവശ്യപ്പെടുകയെന്നതും ഇന്ന് വ്യക്തമായേക്കും.

യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ലോക് താന്ത്രിക് ജനതാദളും മത്സരിച്ച 15 സീറ്റുകളാണ് ലീഗ് അടക്കമുള്ള മറ്റു ഘടകക്ഷികളുടെ ഉന്നം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ ഇതിലും പത്ത് സീറ്റുകള്‍ അധികമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സിരിച്ചേക്കുമെന്ന് കരുതുന്ന കല്‍പറ്റ മണ്ഡലം നേരത്തെ എല്‍.ജെ.ഡി മത്സരിച്ച സീറ്റായിരുന്നു. ലീഗ് ആവശ്യപ്പെട്ട സീറ്റുകളില്‍ കല്‍പ്പറ്റ മണ്ഡലവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വയനാട് ലീഗ് നേതാവ് ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകള്‍ വേണമെന്ന തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ പകരം കോണ്‍ഗ്രസിന്റെ കൈവശമുള്ള മൂവാറ്റുപുഴ ചോദിക്കാനും സാധ്യതയുണ്ട്.

തിരുവല്ല, റാന്നി തുടങ്ങിയ മണ്ഡലങ്ങള്‍ വെച്ചുമാറുന്നതും പരിഗണനയിലുണ്ട്. അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍.എസ്.പി കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി ആവശ്യപ്പെടും.

ജനുവരിയോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചര്‍ച്ചകള്‍ നടത്താനുള്ള തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here