ഇനി ഉള്ളിയാണ് താരം; ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ട് കര്‍ഷകര്‍

0
134

ഉള്ളി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ആലപ്പുഴയിലെ ജൈവകര്‍ഷകര്‍. കഞ്ഞിക്കുഴി സ്വദേശി സുജിത്ത് അരയേക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്.

കൃഷിയിലൂടെ ഉള്ളിവില നിയന്ത്രിക്കാനാകുമെന്നും കര്‍ഷകര്‍ പറയുന്നു. അടുക്കളയിലെ മുഖ്യകഥാപാത്രങ്ങളില്‍ പ്രധാനിയാണ് ഇതരസംസ്ഥാനത്തുനിന്നും കേരളത്തിലെത്തുന്ന ചെറിയ ഉള്ളി. പക്ഷേ പലപ്പോഴും കുടുംബബജറ്റ് താളംതെറ്റിച്ച് വിലയുയര്‍ന്ന് ഉള്ളി വില്ലനാവാറാണ് പതിവ്.

വില്ലനാവാതെ ഉള്ളിവില നിലക്കുനിര്‍ത്താനുള്ള ശ്രമത്തിലാണ് ആലപ്പുഴയില്‍ നിന്നുള്ള കുറച്ചുകര്‍ഷകര്‍. ചൊരിമണലില്‍ വിത്തുപാകി ഉള്ളി സമൃദ്ധമായി വിളയുമെന്ന് കഞ്ഞിക്കുഴിയിലെ ജൈവകര്‍ഷകനായ സുജിത്ത് തെളിയിച്ചു.

36 കിലോ വിത്തുപാകിയതില്‍ നിന്ന് അഞ്ഞൂറ് കിലോക്ക് മുകളിലാണ് വിളവ് ലഭിച്ചത്. ഇലയോടുകൂടിയ ഉള്ളിക്ക് ആവശ്യക്കാരേറെയുണ്ട്. കൃഷി ലാഭകരമെന്നറിഞ്ഞതോടെ മറ്റ് കര്‍ഷകരും ഉള്ളിക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അരയേക്കറില്‍ കൃഷി ചെയ്തിരുന്ന സുജിത്ത് രണ്ടരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ഒരുവര്‍ഷം അ‍ഞ്ചുതവണ കൃഷിയിറക്കാനാകും. കേരളം മുഴുവന്‍ ഇതൊരു ചല‍ഞ്ചാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here