അഞ്ച് സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍; അഴീക്കോടും ഉദുമയും ലക്ഷ്യം

0
252

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി ഐഎന്‍എല്‍. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജയസാധ്യതയുളള സീറ്റുകളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇടതുമുന്നണിയുടെ ഭാഗമായി ആദ്യമായാണ് ഐഎന്‍എല്‍ മല്‍സരത്തിനൊരുങ്ങുന്നത്.

പാര്‍ട്ടി രൂപീകരിച്ച് കാല്‍ നൂറ്റാണ്ട് പിന്നിടുന്പോഴും ഐഎന്‍എലിന് ഒരിക്കല്‍ മാത്രമെ നിയമസഭാംഗം ഉണ്ടായിട്ടുളളൂ. കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്ന് 2006ല്‍ പിഎംഎ സലാം ജയിച്ച ശേഷം ഇതുവരെ പാര്‍ട്ടിക്കൊരു എംഎല്‍എ ഉണ്ടായിട്ടില്ല. രൂപീകരണ ഘട്ടം മുതല്‍ എല്‍ഡിഎഫിനൊപ്പം ആണെങ്കിലും മുന്നണിയുടെ ഭാഗമായത് അടുത്തകാലത്താണ്.

ഇക്കുറി നിയമഭാ പ്രാതിനിധ്യം ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഐഎന്‍എല്‍. 2016ല്‍ എല്‍ഡിഎഫ് പിന്തുണയോടെ മൂന്നിടത്തായിരുന്നു ഐഎന്‍എല്‍ മല്‍സരിച്ചത്. കോഴിക്കോട് സൗത്ത്, വളളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളില്‍. മൂന്നിടത്തും തോല്‍വിയായിരുന്നു ഫലം. ഇക്കുറി ജയസാധ്യതയുളള സീറ്റ് വേണമെന്നാണ് ആവശ്യം.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോടോ കാസര്‍കോട് ജില്ലയിലെ ഉദുമയോ ആണ് ലക്ഷ്യം. കോഴിക്കോട് സൗത്തില്‍ ഇക്കുറി കാര്യങ്ങള്‍ അനുകൂലമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ നേതൃയോഗം സീറ്റുകള്‍ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി അഞ്ചംഗ പാര്‍ലമെന്‍ററി ബോര്‍ഡിന് രൂപം നല്‍കി. ഫെബ്രുവരി ആദ്യവാരം ചേരുന്ന സംസ്ഥാന സമിതി തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here