ഹൈദരാബാദിൽ ടിആർഎസിന് കനത്ത തിരിച്ചടി, വമ്പൻ കുതിപ്പുമായി ബിജെപി രണ്ടാമത്; ആർക്കും ഭൂരിപക്ഷമില്ല

0
279

ഹൈദരാബാദ്: ഏറെ നിർണായകമായ ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി ഒന്നാമതെത്തിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ പലതിലും ബിജെപി മുന്നേറി. 150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 56 ഇടത്ത് ടിആർഎസും 46 ഇടത്ത് ബിജെപിയും 42 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു. കോൺഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യചർച്ചകൾ ഉടൻ ആരംഭിച്ചേക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലിടത്ത് മാത്രം വിജയിച്ച ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. ടിആർഎസിന് ബദൽ തങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് അവകാശപ്പെട്ടു. മോദിയുടെ ഭരണത്തിന് ലഭിച്ച അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിച്ചത്. അതിൽ 42 ഇടത്തും ജയിക്കാനായത് അവർക്ക് വലിയ നേട്ടമായി അവകാശപ്പെടാം. യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. ജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റി ‘ഭാഗ്യനഗർ’ ആക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. 

ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് – ബിജെപി നേർക്കുനേർ പോരാട്ടമാണ് നടന്നത്. മതാടിസ്ഥാനത്തിൽ വോട്ടുകൾ കൃത്യമായി പിളർത്താൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് വൻമുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. ഗ്രേറ്റർ ഹൈദരാബാദ് എന്ന ഈ കോർപ്പറേഷൻ മേഖലയിൽ 25 നിയമസഭാ മണ്ഡലങ്ങളുണ്ട്. നാല് ലോക്സഭാ സീറ്റുകളുണ്ട്. അതുകൊണ്ടുതന്നെ, ബിജെപിക്കും ടിആർഎസ്സിനും അഭിമാനപോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കളെത്തന്നെയാണ് ടിആ‌ർഎസ്സും ബിജെപിയും എഐഎംഐഎമ്മും കോൺഗ്രസും നിയോഗിച്ചിരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here