ന്യൂദല്‍ഹി: ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ ചെലവ് വരുന്ന 25 കിലോമീറ്റർ റോഡ് നിർമിക്കാൻ 2,940 മരങ്ങൾ മുറിക്കാനാണ് യു.പി സർക്കാർ കോടതിയെ സമീപിച്ചത്.
മരങ്ങൾ മുറിക്കാനുള്ള അനുമതി തള്ളിയ ചീഫ് ജസ്റ്റിസ് ഉൾകൊള്ളുന്ന മൂന്നംഗ ബെഞ്ച്, നാലാഴ്ച്ചക്കകം പദ്ധതിയുടെ വിശദമായ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. എസ്.എ ബോബ്ഡെക്ക് പുറമെ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

