കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല; ചരക്ക് വാഹന സംഘടന

0
160

സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്. രാജ്യത്തെ 10 മില്യണ്‍ ട്രക്ക് ഉടമകളുടെ സംഘടനയാണ് ആദ്യ ഘട്ടമായി ഡിസംബര്‍ എട്ട് മുതല്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് എ.ഐ.എം.ടി.സി അറിയിച്ചു.

‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’; എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല്‍ പറഞ്ഞു.

കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം.ടി.സി പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്​ സമരം. സമരം ഏഴാം ദിവസത്തിലേക്ക്​ കടക്കുമ്പോഴും കേന്ദ്രസർക്കാറിന്‍റെ അടിച്ചമർത്തലിന്​ വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന്​ ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ. ഡൽഹിയിലേക്കു​ള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച്​ സമരം ചെയ്യാനുള്ള നീക്കത്തിലാണ്​ കർഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here