പോലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം- സുപ്രീം കോടതി

0
134

ന്യൂഡല്‍ഹി: പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളും സിബിഐ, എന്‍ഐഎ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. കസ്റ്റഡിയില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്കു നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാനസര്‍ക്കാരുകള്‍ സ്ഥാപിക്കണം. ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും കാമറകള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്. 

മിക്കവാറും എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും ചോദ്യംചെയ്യല്‍ നടക്കുന്ന ഇടങ്ങളിലും കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും സിസിടിവി കാമറകള്‍ ഉണ്ടായിരിക്കണം. നര്‍ക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്.

തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസംവരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here