പഞ്ചായത്ത് തെരെഞ്ഞടുപ്പ്; ജാഗ്രത നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷണൻ നായർ

0
243

കുമ്പള: ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും മറ്റും നടത്തി വരുന്ന പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ.

മറ്റു തെരെഞ്ഞടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ നാട് ഒരു പൊതു തെരെഞ്ഞെടുപിനെ നേരിടുന്നത്. കൊവിഡ് വരുത്തി വച്ച വലിയ ദുരന്തമുഖത്ത് നിന്നാണ് രാജ്യത്തിന്റെ ജനാധിപത്യ പ്രഖ്യയിൽ നാം ഭാഗവാക്കാവുന്നത്. കൊവിഡ് മഹാമാരി നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തിയതു പോലെ തെരെഞ്ഞടുപ്പ് രംഗത്തും അത് പ്രതിഫലിച്ച് കാണുന്നതായി ഡി.വൈ.എസ്.പി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് നമുക്ക് ചുറ്റുമുണ്ടെന്ന ചിന്തയോടെയവണം സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തെരെഞ്ഞടുപ്പ് പ്രചാരണത്തിൽ പങ്കാളികളാവേണ്ടത്. സ്ഥാനാർത്ഥിയുടെ കൂടെ പരമാവധി അഞ്ച് പേർക്ക് മാത്രമേ പോകാൻ അനുവാദമുള്ളു. സ്ഥാനാർത്ഥികൾ വീടിനകത്തു കയറി കുട്ടികളെ തലോടുന്നതും മുതിർന്നവരുമായുള്ള ആലിംഗനവും കൈപിടിത്തവും നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. സ്ഥാനാർത്ഥികൾ റോഡ് ഷോ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നതിനും കർശനിയന്ത്രണങ്ങളുണ്ട്. പ്രചാരണത്തിന് വാഹനങ്ങളുടെ എണ്ണം മൂന്നായി നിജപ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ പ്രചാരണ പരിപാടികൾക്കും കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനും കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കലാശകൊട്ടിന് അനുമതിയില്ല. സ്ഥാനാർത്ഥികളെ സമൂഹ മാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

തെരെഞ്ഞടുപ്പ് കഴിയുന്നതോടെ കൊവിഡ് രണ്ടാം വരവിനായിരിക്കും തുടക്കമാവുക. ഇത് ഗൗരവമായി തിരിച്ചറിഞ്ഞ് വേണം രഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞടുപ്പിനെ നേരിടാൻ. പൊലിസ് വിചാരിച്ചാൽ മാത്രം ഈ മഹാമാരിയെ പിടിച്ച് കെട്ടാനാവില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവണമെന്നും ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ ആവശ്യപ്പെട്ടു.

കുമ്പള പൊലിസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ പി. പ്രമോദ്, എസ്.ഐ പി.വി.കെ രാജീവൻ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here