ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര

0
134

മുംബൈ (www.mediavisionnews.in): ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്ത് ജാതിയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥലങ്ങള്‍ക്ക് ചരിത്രത്തിലെ നേതാക്കന്മാരുടെ പേരുകള്‍ നല്‍കാനാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബുധനാഴ്ചയാണ് സംസ്ഥാന മന്ത്രിസഭ ഈ തീരുമാനത്തിന് അനുമതി നല്‍കിയത്. പ്രാദേശിക നഗര വികസന വകുപ്പുകളോട് ഇത്തരം പ്രദേശങ്ങളുടെ പട്ടിക സമര്‍പ്പിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച പ്രമേയം ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു. 

മഹാരാഷ്ട്രയിലെ നിരവധി നഗരങ്ങളുടെ പേരും ഗ്രാമങ്ങളുടെ പേരിലും ഇതോടെ മാറ്റം വരും. മഹാര്‍വാഡ, മാംഗ്വാഡ, ബ്രാഹ്മണ്‍വാഡ എന്നീ പേരുകളെല്ലാം ചരിത്രത്തിലെ നേതാക്കന്മാരുടെ പേരുകളായി മാറും. ജാതിയെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പേരുകള്‍ പുരോഗമന ചിന്താ ഗതിയുള്ള ഒരു സംസ്ഥാനത്തിന് ഉചിതമല്ല. സാമൂഹ്യ മൈത്രിയും ഐക്യത്തിന്‍റേയും തോന്നല്‍ ഈളുകളിലുണ്ടാവാന്‍ തീരുമാനം സഹായിക്കുമെന്നാണ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനന്ജയ് മുണ്ടേ പ്രസ്താവനയില്‍ വിശദമാക്കിയത്. സാമന്തനഗര്‍, ഭീം നഗര്‍, ജ്യോതിനഗര്‍, ക്രാന്തി നഗര്‍ എന്നീ പേരുകള്‍ക്ക് സമാനമായ പേരുകളാവും ഈ പ്രദേശങ്ങള്‍ക്ക് വരികയെന്നാണ് സൂചന. 

ജാതി അടിസ്ഥാനമാക്കിയ സ്ഥലപ്പേരുകളില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ശക്തമായ വിയോജിപ്പ് നേരത്തെ പ്രകടമാക്കിയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് ഉചിതമല്ലെന്നായിരുന്നു ശരദ് പവാര്‍ ചൂണ്ടിക്കാണിച്ചത്. ഡോ. ബി ആര്‍ അംബേദ്കറിന്‍റെ ചരമവാര്‍ഷികത്തിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.  സര്‍ക്കാര്‍ എഴുത്തുകുത്തുകളില്‍ നിന്ന് ദളിത് എന്ന വാക്ക് മാറ്റി നിയോ ബുദ്ധിസ്റ്റ്, ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന പദമാക്കാനുള്ള മുന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാത്തെ തുടര്‍ന്നാണ് സ്ഥലങ്ങളുടെ പേരുമാറ്റവുമെന്നാണ് വിലയിരുത്തല്‍. 

LEAVE A REPLY

Please enter your comment!
Please enter your name here