ക്രിക്കറ്റ് ബോർഡിന്‍റെ മാനസിക പീഡനം; പാക് ക്രിക്കറ്റിലെ സൂപ്പർതാരം 28-ാം വയസിൽ വിരമിച്ചു

0
173

ലാഹോർ: ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് പാക് ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ആണ് 28-ാം വയസിൽ കളി മതിയാക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഉണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ടെസ്റ്റില്‍ നിന്ന് വിരമിച്ച ആമിറിനെ ന്യൂസിലാന്‍ഡ് പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല.

മാത്രമല്ല, പാക്കിസ്ഥാനില്‍ നടക്കുന്ന സിംബാബ്‌വെക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്കും ആമിറിനെ പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനിയൊരിക്കലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ആമിര്‍ പറഞ്ഞു.

മുഹമ്മദ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിമരിച്ച കാര്യം പാക് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഒത്തുകളി ആരോപണം നേരിടുകയും വിലക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആമിറിന്റെ വ്യക്തിഗത തീരുമാനത്തെ മാനിക്കുന്നതായി പി സി ബി അറിയിച്ചു.

2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഞെട്ടിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് തന്നെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ആമിർ തീരുമാനിച്ചിരിക്കുന്നത്. ആമിർ വിരമിച്ചത് വ്യക്തമാക്കി ഐസിസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് ക്രിക്കറ്റ് ബോർഡിന്‍റെ മോശം ഇടപെടല്‍ വലിയതോതിലുള്ള മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതായി മുഹമ്മദ് ആമിര്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ വീഡിയോയിലാണ് ഇനി രാജ്യാന്തര ക്രിക്കറ്റിലേക്കില്ലെന്ന് ആമിര്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് താരം വിരമിച്ചതായി പിസിബിയും വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒത്തുകളി വിവാദത്തില്‍പ്പെട്ട് ജയില്‍ശിക്ഷ പോലും അനുഭവിച്ച മുഹമ്മദ് ആമിര്‍, അഞ്ച് വര്‍ഷത്തോളം ക്രിക്കറ്റില്‍നിന്ന് വിലക്ക് നേരിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here