രാജ്യസഭയില്‍ 100 കടന്ന് എന്‍ഡിഎ; കോണ്‍ഗ്രസിന്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം

0
350

ന്യൂഡല്‍ഹി: കേന്ദ്ര  മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പടെ ഒമ്പത് ബിജെപി സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയില്‍ ബിജെപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചു. 

അതേ സമയം കോണ്‍ഗ്രസ് രാജ്യസഭയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അംഗസംഖ്യയിലേക്ക് ചുരുങ്ങി. 242 അംഗ രാജ്യസഭയില്‍ 38 സീറ്റുകള്‍ അംഗങ്ങള്‍ മാത്രമാണ്‌ നിലവില്‍ കോണ്‍ഗ്രസിനുള്ളത്.

ഉത്തര്‍പ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗ സഖ്യ 92 ആയി. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവിന് അഞ്ച് അംഗങ്ങളും. ആര്‍പിഐ, അസം ഗണ പരിഷത്, മിസോറാം നാഷണല്‍ ഫ്രണ്ട്, എന്‍പിപി, എന്‍ഡിഎഫ്, പി.എം.കെ, ബിപിഎഫ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ രാജ്യസഭാ അംഗങ്ങളുമുണ്ട്. 

ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎക്ക് 104 അംഗങ്ങളായി. നാല് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ലഭിക്കും. 242 അംഗ സഭയില്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകള്‍ പാസാക്കാന്‍ വേണ്ടത്. 

ഒമ്പത് എംപിമാാര്‍ വീതമുള്ള എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍, ഏഴ് എംപിമാരുള്ള ടി.ആര്‍.എസ്, ആറ് എംപിമാരുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാറുണ്ട്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും ബിഎസ്പിക്ക് ഒന്നും സിറ്റിങ്‌ സീറ്റുകള്‍ നിയമസഭയില്‍ അംഗബലം കുറഞ്ഞതോടെ നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here