ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പിന് മുമ്പ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ്; വഴങ്ങാതെ ശോഭാ സുരേന്ദ്രന്‍

0
153

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് ഇടപെടുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ് രംഗത്ത് എത്തിയത്. പാര്‍ട്ടി പുന:സംഘടനയില്‍ ആര്‍.എസ്.എസിനും എതിര്‍പ്പുണ്ടായിരുന്നു. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിലും മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന് തിരികെ വന്ന ശേഷം സ്ഥാനം നല്‍കാതിരുന്നതും അര്‍.എസ്.എസിനെയും ചൊടിപ്പിച്ചിരുന്നു.

ഇതിനിടെ ബി.ജെ.പിയുമായി ഇടഞ്ഞ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ശോഭാ സുരേന്ദ്രന്‍ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് തടയാനാണ് ആര്‍.എസ്.എസ് ഇടപെടല്‍.

വരുന്ന പഞ്ചായത്ത് – നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ബി.ജെ.പിയില്‍ അണികളില്‍ നിര്‍ണായക സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിനിടെ ശോഭാ പാര്‍ട്ടി വിട്ടാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കാതിരുന്നാലും അത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ ക്ഷീണം ഉണ്ടാക്കും.

എന്നാല്‍ തന്റെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ സമരശൃംഖലയില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പുനസംഘടന സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ശോഭയുടെ പരാതിക്കുപിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here