ബീഫിന് വില കുറച്ചു, കിലോയ്ക്ക് 180 രൂപയാക്കി മത്സര വില്‍പ്പന; തിക്കിത്തിരക്കി ജനം, ബഹളം

0
176

കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ബീഫ് കച്ചവടക്കാരുടെ മത്സര വില്‍പ്പനയെത്തുടര്‍ന്ന് വാക്ക് പോരും ബഹളവും. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പ്പന തുടങ്ങിയതോടെയാണ് വിലകുറച്ചുള്ള വില്‍പ്പനയും കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും തുടങ്ങിയത്. പുന്നക്കാട് ചുങ്കത്താണ് സംഭവം. 

മത്സര വില്‍പ്പന തുടങ്ങിയതോടെ ബീഫിന് കിലോയ്ക്ക് വില 180 വരെ എത്തി. കിലോയ്ക്ക് 260 രൂപയായിരുന്ന സമയത്ത് രണ്ട് ദിവസം മുമ്പ് ഒരു കച്ചവടക്കാരന്‍ ബീഫ് ഒരു കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റതോടെയാണ് മത്സര കച്ചവടം തുടങ്ങിയത്.

വില കുറച്ച് വിറ്റതോടെ ആ കടയില്‍ ആള് കൂടി. ഇതോടെ അടുത്തുള്ള  കച്ചവടക്കാരന്‍ 200 രൂപയാക്കി കുറച്ചു. മത്സര വില്‍പ്പന ഒടുവില്‍ ഇറച്ചിക്ക് കിലോയ്ക്ക് 180 രൂപവരെ എത്തി. ഇതോടെ ബീഫ് വാങ്ങാന്‍ റോഡ് അരുകിലെ കടകളില്‍ ജനം തിരക്ക് കൂട്ടി. 

കച്ചവടക്കാരുടെ മത്സര വില്‍പ്പനയും ഇറച്ചി വാങ്ങാന്‍ ജനം നിറഞ്ഞതോടും കൂടി ചുങ്കത്ത് വലിയ ജനക്കൂട്ടമായി. കച്ചവടക്കാരുടെ പോര്‍വിളികൂടി ആയപ്പോള്‍ പ്രദേശത്ത് ആകെ ബഹളമയമായി. മത്സരം കൊഴുത്തതോടെ ഇറച്ചി വേഗത്തില്‍ വിറ്റ് തീര്‍ന്നു. പലരും ഇറച്ചി തികയാതെ നിരാശരായി മടങ്ങി. നേരത്തെ ഇവിടെ 280 രൂപയായിരുന്ന ഇറച്ചിവില കൊവിഡ് കാലത്ത് 260 ആയി കുറച്ചിരുന്നു. എന്തായാലും വില കുറച്ച് വില്‍പ്പന തുടരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here