‘ജെ.എൻ.യുവിന്‍റെ പേര് മാറ്റണം’; സ്വാമി വിവേകാനന്ദന്‍റെ പേരിടണമെന്ന് ബിജെപി

0
162

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി രവി ട്വിറ്ററിലൂടെയാണ് ആവശ്യം അറിയിച്ചത്. ജവഹർലാൽ നെഹ്റു സര്‍വകലാശാല എന്ന പേരിന് പകരം സ്വാമി വിവേകാനന്ദൻ യൂണിവേഴ്സിറ്റി എന്ന പേര് നൽകണമെന്നാണ് സി.ടി രവി നിർദേശിച്ചത്. ഭാരതം എന്ന ആശയത്തിനു വേണ്ടി നിലകൊണ്ട ആളാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്‍റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്‍റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. രാജ്യസ്നേഹിയായ സന്യാസിയുടെ ജീവിതം ഭാരതത്തിന്‍റെ വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജെഎൻയു ക്യാംപസിനുളളിൽ വിവേകാനന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ടി രവി ട്വിറ്ററിലൂടെ ആവശ്യം ഉന്നയിച്ചത്.

ബിജെപി ജനറൽ സെക്രട്ടറിയുടെ ജെഎൻയു പേര് മാറ്റ നിർദേശത്തെ പിന്തുണച്ച് മറ്റ് ബിജെപി നേതാക്കളും രം​ഗത്ത് എത്തി. ബിജെപി ഡൽഹി വക്താവ് തേജിന്ദർ പാൽ സിങ് ബ​​ഗ്​​ഗ, മജോജ് തിവാരി എന്നിങ്ങനെ നിരവധി പേരാണ് സി.ടി രവിയെ പിന്തുണച്ച് രംഗത്തുവന്നത്.

നേരത്തെ 2019ലും ജെഎൻയുവിന്‍റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉയർത്തിയിരുന്നു. അന്ന് ബിജെപി നേതാവ് ഹന്‍സ് രാജ് ഹന്‍സ് ആണ് ജെഎന്‍യുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടത്. 1969ലാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ ഡല്‍ഹിയില്‍ ജെഎന്‍യു സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here