കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ‘ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു’ -സിദ്ധരാമയ്യ

0
350

ബംഗളൂരു: മറാത്ത വികസന അതോറിറ്റി രൂപവത്കരിക്കാനുള്ള കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ‘ഭിന്നിപ്പിച്ച് ഭരിക്കാനാണ്’ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മറാത്ത വികസന അതോറിറ്റി സ്ഥാപിക്കുന്നതിലൂടെ യെദ്യൂരപ്പ ഭിന്നിപ്പാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് നേട്ടം മാത്രം കണക്കിലെടുത്ത് യെദ്യൂരപ്പ ജാതിയെ അടിസ്ഥാനമാക്കി വികസന അതോറിറ്റികൾ സ്ഥാപിക്കാനുള്ള അശാസ്ത്രീയമായ വഴിയാണ് സ്വീകരിക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

സർക്കാർ പരിപാടികൾ തീരുമാനിക്കുന്നതിന് മുമ്പ് സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടതുണ്ട്. ബി.ജെ.പി സംസ്ഥാനത്തെ സാമൂഹിക ഐക്യത്തെ അസ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ജനാധിപത്യത്തിനും സാമൂഹിക നീതിക്കും എതിരാണ്. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ മാത്രം ഉദ്ദേശിക്കുന്ന ഏത് തീരുമാനത്തെയും ശക്തമായി അപലപിക്കുന്നു -സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കര്‍ണാടക സര്‍ക്കാര്‍ മറാത്ത വികസന അതോറിറ്റി രൂപീകരിക്കുന്നതിനും, അതിനായി അമ്പത് കോടി രൂപ വകയിരുത്തുന്നതിലും പ്രതിഷേധിച്ച് വിവിധ കന്നഡ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നടപടി മുഖ്യമന്ത്രി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് ബന്ദ് പ്രഖ്യാപിക്കുമെന്ന് കന്നഡ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here