കേരളത്തിൽ വാക്സിൻ നിർമാണം; സാധ്യതകൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

0
175

തിരുവനന്തപുരം: കേരളത്തിൽ വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ സാധ്യകൾ പരിശോധിക്കുന്നതിനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണാണ് സമിതി അധ്യക്ഷൻ.

ലോകത്തിന്റെ പലഭാഗത്തായി ഇപ്പോൾ കൊവിഡ് വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്, അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുക. 

ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം മറ്റുള്ളവരിലേക്കെത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം ആളുകൾ ഇതിനകം കൊവിഡ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം ആളുകളും രോഗമുക്തി നേടി. ഒക്ടോബർ മാസത്തിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.  ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഇപ്പോൾ കുറഞ്ഞിരിക്കുന്നു. പക്ഷേ രോഗികളുടെ എണ്ണം വർദ്ധിച്ച വേഗത്തിൽ രോഗമുക്തരുടെ എണ്ണ  വർദ്ധിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ഇടുക്കി വയനാട് കോട്ടയം തുടങ്ങിയ ജില്ലകളിൽ കേസ് കൂടുതലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

തെര‌ഞ്ഞെടുപ്പും മറ്റ് ചില ആഘോഷങ്ങളും നടക്കുന്ന സമയമായത് കൊണ്ട് കൊണ്ട് തന്നെ കൊവിഡ‍് പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കൊവിഡ് സിൻഡ്രോ പലരിലും ഗുരുതരമാകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സജ്ജമാക്കിയ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ കൊവിഡ് മുക്തർ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here