അറസ്റ്റിന് ശേഷവും പുതിയ കേസുകൾ, ഖമറുദ്ദീനെതിരെ പുതിയ രണ്ട് കേസുകൾ കൂടി

0
146

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് എംഎൽഎ എംസി ഖമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ ഖമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകൾ 111 ആയി.

പൂക്കോയ തങ്ങൾ മാത്രം പ്രതിയായി 3 വഞ്ചന കേസുകൾ കൂടി ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പേരിൽ നിന്നായി 19 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ  ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായ ആകെ 115 വഞ്ചന കേസുകളാണ് ഉള്ളത്. 

കേസുകളിൽ ഖമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയായ പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നാണ് വിവരം.

അതേ സമയം  കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും. ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം  (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ  ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here