ഹിന്ദുവായ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തനിഷ്‌കിന് പിന്തുണ; പിന്നാലെ സൈബര്‍ ആക്രമണം; പരാതി നല്‍കി യുവതി

0
263

ന്യൂദല്‍ഹി: തനിഷ്‌കിന്റെ മതേതര പരസ്യത്തിനെ പിന്തുണച്ച് ഹിന്ദുവായ ഭര്‍ത്താവിനോടൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച യുവതിക്കെതിരെ സൈബര്‍ ആക്രമണം. തുടര്‍ന്ന് സാറാ പര്‍വാള്‍ എന്ന യുവതി പുനെ പൊലീസില്‍ പരാതി നല്‍കി.

തനിഷ്‌കിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ തനിക്കെതിരെ ഭീഷണികളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്ന് സാറ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. സൈബര്‍ സെല്ലിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഹിന്ദു യുവാവുമായുള്ള തന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ട്വിറ്ററില്‍ 40,000ത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് തനിക്കെതിരെ വന്നതെന്നും സാറ പറഞ്ഞു.

‘രാജ്യത്ത് അത്രയേറെ തൊഴിലില്ലായ്മയുണ്ടെന്നതാണ് ഈ പ്രവണത ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും സന്ദേശങ്ങള്‍ അയച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ്,’ സാറ പറഞ്ഞു.

ഭീഷണിപ്പെടുത്തുന്നവര്‍ തന്റെ വിലാസവും ഫോണ്‍ നമ്പറും ചോര്‍ത്താന്‍ ശ്രമിച്ചെന്നും സാറ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയപ്പോള്‍ നിയമപരമായി നേരിടാന്‍ തയ്യാറാവുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെയും തന്റെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്ന എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും സാറ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സെക്രട്ടറികൂടിയാണ് സാറ. ആശയപരമായി കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കുന്ന സാറയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയായിരുന്നു.

തുടര്‍ന്ന് ബോയ്‌ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്‌നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. ഒടുവില്‍ കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here