സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികളടക്കം 356 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

0
193

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായി സൗദി നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരില്‍ 356 പേര്‍ കൂടി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. രാവിലെ 10ന് റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവര്‍ പുറപ്പെട്ടത്. റിയാദ് ഇസ്‌കാനിലെ തര്‍ഹീലില്‍ നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസഫ് കാക്കഞ്ചേരി, റനീഫ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് യാത്രയാക്കുകയായിരുന്നു. 

എല്ലാവര്‍ക്കും എംബസിയുടെ വക ടീഷര്‍ട്ടുകള്‍ നല്‍കി. മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് എല്ലാവരും യാത്ര ചെയ്തത്. ഇതില്‍ 14 പേര്‍ മലയാളികളാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശ് (200), പശ്ചിമ ബംഗാള്‍ (47), ബിഹാര്‍ (32), രാജസ്ഥാന്‍ (20), പഞ്ചാബ് (17), തമിഴ്‌നാട്, തെലങ്കാന, ത്രിപുര (11 വീതം), ഹിമാചല്‍ പ്രദേശ്, ജമ്മു, ജാര്‍ക്കണ്ഡ് (ഒമ്പത് വീതം), ആന്ധ്ര, ഗോവ, ഗുജറാത്ത്, ഹരിയാന (എട്ട് വീതം), അസം (ഏഴ്), കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് (അഞ്ച്) എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതോടെ കൊവിഡ് വ്യാപനമുണ്ടായ ശേഷം അഞ്ചുമാസത്തിനിടെ നാട്ടിലേക്ക് മടങ്ങിയ മൊത്തം ഇന്ത്യന്‍ തടവുകാരുടെ എണ്ണം 2301 ആയി. ഈ മാസം 14നാണ് ഇതിന് മുമ്പ് തടവുകാരുടെ യാത്രയുണ്ടായത്. അന്ന് 362 പേരാണ് ഡല്‍ഹിയിലേക്ക് പോയത്. റിയാദില്‍ നിന്ന് 211ഉം ജിദ്ദയില്‍ നിന്ന് 151ഉം പേരാണ് അതിലുള്‍പ്പെട്ടത്. 

ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ തടവുകാരുടെ തിരിച്ചയക്കല്‍ തടസപ്പെട്ടിരുന്നു. ഇതോടെ റിയാദിലും ജിദ്ദയിലും തര്‍ഹീലുകളില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം പെരുകി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തില്‍ 421 പേരെ റിയാദില്‍ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി. സെപ്തംബര്‍ 23നാണ് വീണ്ടും കയറ്റി അയക്കല്‍ നടപടി തുടങ്ങിയത്. അന്ന് റിയാദില്‍ നിന്ന് 231 പേര്‍ ചെന്നൈയിലേക്കും 27ന് ജിദ്ദയിലെ തര്‍ഹീലില്‍ നിന്ന് 351 പേര്‍ ഡല്‍ഹിയിലേക്കും പോയി. ഒക്‌ടോബര്‍ ആറിന് 580 പേരെ റിയാദില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി ഡല്‍ഹിയിലേക്കും ലക്‌നൗവിലേക്കും കയറ്റിവിട്ടിരുന്നു. ഒക്‌ടോബര്‍ 14ന് 362ഉം ഇപ്പോള്‍ 356ഉം പേര്‍ കൂടി പോയതോടെയാണ് സൗദി തര്‍ഹീലുകളിലുള്ള ഇന്ത്യാക്കാരുടെ എണ്ണം നന്നേ ചുരുങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here