വ്യാജന്മാര്‍ക്ക് വിലങ്ങിടാന്‍ ഹൈക്കോടതി; അന്തിമ വോട്ടര്‍ പട്ടികയ്ക്ക് മുന്‍പ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവ്‌

0
430

കൊച്ചി: കേരളത്തില്‍ വ്യാജവോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കുന്നത് തടയാന്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടി സംസ്ഥാനത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണത്തിനുത്തരവിട്ടത്. അതാത് സ്ഥലങ്ങളിലെ സ്ഥിരതാമസക്കാരല്ലാത്തവരെ പട്ടികയിലുള്‍പ്പെടുന്നതും ഇതിനായി വ്യാജ സത്യവാങ്മുലം സമര്‍പ്പിക്കപ്പെടുന്നതും അന്വേഷിക്കാനാണ് ഉത്തരവ്. പരാതികളില്‍ വ്യക്തതയില്ലെന്ന‌ എന്ന കാരണത്താല്‍ ‘വ്യാജ വോട്ടര്‍മാരെ’ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അവഗണിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തില്‍ താമസക്കാരല്ലാത്ത നിരവധിപേരെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പി വിജയകാന്ത്, ബെന്നി തോമസ് എന്നിവര്‍ അഭിഭാഷകന്‍ മാത്യു പി കുഴലനാടന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം.

വോട്ടര്‍മാരുടേതായി കാണിക്കുന്ന മേല്‍വിലാസങ്ങളിലെ യഥാര്‍ഥ താമസക്കാര്‍ക്ക് അങ്ങനെയൊരു വ്യക്തിയെ അറിയാത്ത സാഹചര്യമാണുള്ളതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് വിശദമായ പരാതി കേരള തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുകയും പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസറെ എതിര്‍പ്പ അറിയിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഒരു പ്രദേശത്തെ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്ത് പതിവാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയാലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. ഇതുകാരണം തെറ്റായ സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ തോതില്‍ വ്യജവോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്ന നടപടി സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കോടതിയെ ഹര്‍ജിക്കാര്‍ അറിയിച്ചു.

കരട് വോട്ടര്‍പട്ടികകളിലെ എതിര്‍പ്പുകള്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍ തന്നെ പരാതിയായി സമര്‍പ്പിക്കണമെന്നും അവ്യക്തമായ പരാതികളില്‍ നടപടികളെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഒരു വ്യക്തിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പരാതികളില്ലെങ്കില്‍ നടപടിയെടുക്കാന്‍ അധികാരമില്ലെന്നല്ല അതിനര്‍ത്ഥമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ വിധിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വോട്ടര്‍പട്ടികയുടെ അന്തിമരൂപം സമര്‍പ്പിക്കപ്പെടുന്നതിന് മുന്‍പ് പരാതിയും എതിര്‍പ്പുകളും പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും വ്യാജ വോട്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here