മുസ്‌ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രവേശനമില്ല: വിവാദമായി മുംബൈയിലെ ഫ്‌ളാറ്റ് ഉടമയുടെ പരസ്യം

0
380

മുംബൈ: ഫ്‌ളാറ്റ് വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി ഉന്മേഷ് പാട്ടീല്‍ ഫേസ്ബുക്കില്‍ നല്‍കിയ പരസ്യം വിവാദമാകുന്നു. വാടകക്ക് നല്‍കുന്നതിനുള്ള നിബന്ധനകളിലെ അവസാന വാചകമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുസ്‌ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഫ്‌ളാറ്റ് നല്‍കാനാകില്ലെന്നാണ് (Available For: No Muslim, No Pets) ഇയാള്‍ നിബന്ധന വെച്ചിരിക്കുന്നത്.

ഫ്‌ളാറ്റ്‌സ് വിത്തൗട്ട് ബ്രോക്കേഴ്‌സ് ഇന്‍ മുംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് ഫ്‌ളാറ്റിന്റെ ചിത്രങ്ങളോടൊപ്പമുള്ള നിബന്ധനകളടങ്ങിയ കുറിപ്പ് ഉന്മേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയായ റാണ അയൂബ് കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇത് വംശീയ വിവേചനത്തിന് തുല്യമാണെന്നായിരുന്നു റാണ അയൂബ് ട്വീറ്റ് ചെയ്തത്.

‘മുസ്‌ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രവേശനമില്ല. ഇത് മുംബൈയിലെ ബാന്ദ്രയിലെ ഏറ്റവും സമ്പന്നമായ വിലാസങ്ങളിലൊന്നാണ്. ഇതാണ് ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ. ഇനിയും നമ്മളൊരു വര്‍ഗീയ രാജ്യമല്ലെന്ന് എന്നെ ഓര്‍മ്മിപ്പിക്കണേ. ഇതല്ലേ വംശീയ വിവേചനം?’ റാണ അയൂബ് ട്വീറ്റ് ചെയ്തു.

റാണ അയൂബിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് വിദ്വേഷ കമന്റുകളുമായെത്തിയിട്ടുള്ളത്. ഒരാളുടെ സ്വകാര്യ സ്വത്ത് എന്തും ചെയ്യാനുള്ള അവകാശം അയാള്‍ക്കില്ലേയെന്നും അതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയാണോ എ്ന്നുമാണ് ചിലരുടെ വാദം. വളര്‍ത്തുമൃഗങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രവേശനമില്ലെന്നായിരുന്നു പറഞ്ഞിരുന്നെങ്കില്‍ ഇത്തരത്തില്‍ ആരെങ്കിലും പ്രതികരിക്കുമായിരുന്നോ എന്നും ചില കമന്റുകളില്‍ പറയുന്നു.

എന്നാല്‍ അതേസമയം ഇത് ഒരു വ്യക്തിയുടെ അവകാശത്തെക്കുറിച്ചുള്ള പ്രശ്‌നമല്ലെന്നും ഇത്തരം മനസ്ഥിതിയിലേക്ക് ജനങ്ങള്‍ എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും മറുപടികളും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here