മംഗളൂരു രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് അദാനിക്ക്; പ്രതീകാത്മക താക്കോൽ കൈമാറി

0
185

മംഗളൂരു: രാജ്യാന്തര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപദ്ധതി പ്രകാരം ഒക്ടോബര്‍ 31നു പുലർച്ചെയാണ് അദാനി ഗ്രൂപ്പ് ഓഫ് കമ്പനി വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച അർധരാത്രി എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ അധികൃതർ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർക്ക് പ്രതീകാത്മക താക്കോൽ കൈമാറി. 69 വർഷം സർക്കാരിന്റെ പൂർണ നിയന്തണത്തിലായിരുന്ന വിമാനത്താവളമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറുന്നത്.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയെങ്കിലും ഒരു വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ കാലയളവിൽ പണ കൈമാറ്റം, വിമാനത്താവളത്തിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍, ലാഭനഷ്ടം എന്നിവ അദാനി ഗ്രൂപ്പ് വിലയിരുത്തും. വിമാനങ്ങളുടെ വരവിനും പുറപ്പെടലിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെയാകും മുന്‍ഗണന നിശ്ചയിക്കുക.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി), കമ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ സെന്റര്‍ എന്നിവ ഒരു വർഷത്തിനു ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരിപാലനത്തിലാകും. ടെര്‍മിനല്‍ കെട്ടിടം, റണ്‍വേ, ഇലക്ട്രിക്കല്‍, സിവില്‍ വര്‍ക്ക് തുടങ്ങിയവ അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തത്തിലാകും. സുരക്ഷ, എയര്‍ലൈന്‍ സ്റ്റാഫ് ഒഴികെ അദാനി ഗ്രൂപ്പ് ആകും നിയന്ത്രിക്കുക. 50 വർഷത്തേക്കാണ് പാട്ടക്കരാർ.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള സർക്കാരും മറ്റും നൽകിയ ഹർജികൾ കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളി. അദാനി ഗ്രൂപ്പിന് നടത്തിപ്പ് ചുമതല ലഭിച്ച ലക്നൗ വിമാനത്താവളം നവംബർ 2നും അഹമ്മദാബാദ് 7നും ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here