പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല, അതിന് ഞങ്ങള്‍ ഒക്കെ ഇവിടെ ഉണ്ടല്ലോ: ചെന്നിത്തല

0
159

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ പറയാന്‍ തങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.

‘പിന്നെ, രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്.

അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്’- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ടെന്നും കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ രാഹുല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് വിലയിരുത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. അന്വേഷണം നടക്കട്ടേയെന്നും ഇതിലൂടെ സത്യം പുറത്ത് വരട്ടെയെന്നും പറഞ്ഞ രാഹുല്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറായിരുന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here