നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഒഡീഷക്കാരന്‍ അഫ്താബ് ഒന്നാമത്; കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്കുമായി അയിഷയും

0
224

ഒഡീഷ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്.

ഷാജിയില്‍ എ. പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകളായ അയിഷയ്ക്ക് ഒ.ബി.സി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ നീറ്റ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിലായിരുന്നു അയിഷ. ആദ്യ തവണ പരീക്ഷയെഴുതിയപ്പോള്‍ തന്നെ 15,000 ത്തിന് മുകളിലായിരുന്നു അയിഷയുടെ റാങ്ക്.

അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഷൊയ്ബ് രാജസ്ഥാനിലെ കോട്ടയിലാണ് പരിശീലനം നടത്തിയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷൊയ്ബ് കോട്ടയില്‍തന്നെ തുടര്‍ന്ന് പഠിക്കുകയായിരുന്നു.

2018ന് ശേഷം നാട്ടിലേക്ക് പോയിട്ടില്ലെന്നാണ് ഷൊയ്ബ് പറയുന്നത്. ദിവസവും 10-12 മണിക്കൂര്‍ വരെ പഠിക്കുമെന്നും ഷൊയ്ബ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് താത്പര്യമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഷൊയ്ബ് പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ആദ്യ 50ല്‍ അയ്ഷയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍കൂടിയുണ്ട്. 22ാം റാങ്ക് നേടിയ ലുലു എ. 25ാം റാങ്ക് നേടിയ സനിഷ് അഹമ്മദ്, 50ാം റാങ്ക് നേടിയ ഫിലെമോന്‍ കുര്യാക്കോസ് എന്നിവരാണ് ആദ്യ 50 റാങ്കില്‍ പെട്ട മൂന്ന് പേര്‍.

സെപ്തംബര്‍ 13നും ഒക്ടബോര്‍ 14നുമാണ് നീറ്റ് പരീക്ഷ നടന്നത്. ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ഇത്തവണത്തെ പരീക്ഷ നടത്തിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. ആദ്യമായാണ് എയിംസ് അടക്കമുള്ള എല്ലാ മെഡിക്കല്‍ കോളെജിലേക്കുമായി ഒറ്റ പരീക്ഷ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here