‘തല’ മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം

0
305

ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ അഭിപ്രായം.

സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമായി.അടുത്ത സീസണിലും എം എസ് ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്നും
കാശി വിശ്വനാഥന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് സീസണുകളിലെ പ്രകടനം കണക്കിലെടുത്താല്‍ 2018ല്‍ കിരീടം നേടാന്‍ ചെന്നൈക്കായി. 2019ല്‍ ഫൈനലില്‍ അവസാന പന്തിലാണ് തോറ്റത്. ഈ സീസണില്‍ പ്രായമേറിയ താരങ്ങളായതുകൊണ്ടും  യുഎഇയിലെ വെല്ലുവിളികള്‍ കൊണ്ടും ടൂര്‍ണമെന്‍റ് ജയിക്കുക ബുദ്ധിമുട്ടാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ അടുത്ത ഐപിഎൽ സീസൺ തുടങ്ങുമെങ്കിലും ധോണിയുടെ നിലപാട് തന്നെയാകും ഇതിൽ നിര്‍ണായകം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. സീസണില്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 118.45 സ്ട്രൈക്ക് റേറ്റില്‍ 199 റണ്‍സാണ് ധോണിയുടെ നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here