ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുത്തത് അച്ഛന്റെ ആത്മഹത്യാശ്രമത്തിന് ശേഷം

0
313

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികുടാന്‍ നടപടികള്‍ സ്വീകരിക്കാതെ പൊലീസ്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജൂലൈ 20നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്.

ബന്ധുവിന്റെ വിവാഹചടങ്ങിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ ഏഴ് പേര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുന്നത്. വീടിനടുത്തുള്ള ഒരു കാട്ടിലേക്ക് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇക്കാരണത്താല്‍ പെണ്‍കുട്ടി വീട്ടുകാരെ ലൈംഗിക പീഡനം നടന്ന വിവരം അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജൂലായ് 20 ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് കൂട്ടബലാത്സംഗത്തെക്കുറിച്ച് കുടുംബത്തോട് പറയുന്നത്.

പെണ്‍കുട്ടി മരിച്ചതിനാല്‍ ലൈംഗിക പീഡനത്തിന് കേസെടുക്കാന്‍ സാധിക്കുമോ എന്നറിയാത്തതുകൊണ്ട് വിവരം വൈകിയാണ് കുടുംബം പൊലീസിനെ അറിയിച്ചതെന്ന് ഐ.ജി. പറഞ്ഞു. ഇതിന് ശേഷമാണ് കുട്ടിയുടെ അച്ഛന്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഐ.ജി.സുന്ദരരാജന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കേസില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ യശ്വന്ത് ജയിന്‍ എസ്.പിക്ക് കത്തയച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here