കാസർഗോഡ് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവും പിതാവും അറസ്റ്റിൽ

0
319

കാസർഗോഡ്: പുല്ലൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർത‍ൃപിതാവും അറസ്റ്റിൽ. ചട്ടഞ്ചാൽ സ്വദേശിനി റംസീനയുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ഷുക്കൂർ, പിതാവ് അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാ‍ഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ (27) ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാര്‍ ആരോപിച്ചത്. പണവും സ്വര്‍ണ്ണവും ചോദിച്ച് നിരന്തരം പീഡനം മകൾക്ക് ഏള്‍ക്കേണ്ടി വന്നിരുന്നു എന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഷുക്കൂറിന്‍റെ സഹോദരിമാരും മകളെ പീഡിപ്പിച്ചിരുന്നുവെന്നും ഇവരെയും ചോദ്യം ചെയ്യണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

2014 ൽ ആയിരുന്നു റംസീനയും ഷുക്കൂറും തമ്മിലുള്ള വിവാഹം. രണ്ടു ലക്ഷം രൂപയും 35 പവൻ സ്വർണ്ണവും നൽകിയിരുന്നു. ഇതിനു പുറമേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് വീട്ടുകാർ പറയുന്നത്. ഇതിന്‍റെ പേരിൽ മർദനമേൽക്കേണ്ടി വന്നിരുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.

വീട്ടിൽത്തന്നെ കഴിയാമെന്ന് കുടുംബം പറഞ്ഞിരുന്നുവെങ്കിലും ഇത് മറികടന്ന് റംസീന ഭർത്താവിന്‍റെ വീട്ടിൽത്തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് ജീവനൊടുക്കിയത്. ചട്ടഞ്ചാൽ സ്വദേശികളായ മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ് റംസീന. നാലര വയസ്സുള്ള ഖജ് ഫാത്തിമ, രണ്ട് വയസ്സുള്ള സമാസ് എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here