സെപ്റ്റംബര്‍ 25 മുതല്‍ രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കോ? സത്യാവസ്ഥയിതാണ്

0
138

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇതിന്റെ സത്യാവസ്ഥയെന്താണ്?

രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശമെന്ന രീതിയിലാണ് ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെതെന്ന പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശത്തെ പറ്റി പറയുന്നത്.

കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യമാണിത്. മരണസംഖ്യയും വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു.ദുരന്ത നിവാരണ അധികാരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നു. രോഗത്തിന്റ വ്യാപനം കുറയ്ക്കാന്‍ സെപ്റ്റംബര്‍ 25 മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം- എന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റ അടിസ്ഥാനത്തില്‍ രാജ്യത്തെ അവശ്യ വസ്തുക്കളുടെയും ഭക്ഷ്യ ധാന്യങ്ങളുടെയും ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഈ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.

എന്നാല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അത്തരത്തില്‍ ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന വിശദീകരണവുമായി പി.ഐ.ബി രംഗത്തെത്തിയിരുന്നു. ഈ സര്‍ക്കുലര്‍ വ്യാജമാണെന്ന് പി.ഐ.ബി ട്വീറ്റ് ചെയ്തു.

കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തില്‍ രാജ്യത്ത് സെപ്റ്റംബര്‍ 25 മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയെന്ന രീതിയില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.

ഇത് വ്യാജമാണ്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അത്തരമൊരു നിര്‍ദ്ദേശവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി സമീപിച്ചിട്ടില്ല- ട്വീറ്റില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here